കൊച്ചി ; വന്ദേഭാരത് ട്രയിനിൽ വിദ്യാർഥികൾ ഗണഗീതം പാടിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസ് ഒരു നിഗൂഢ സംഘടനയാണ്. കുട്ടികളെ കൊണ്ട് കൊലച്ചോറു വാരിക്കുകയാണ്. നടന്നത് രാഷ്‌ട്ര വിരുദ്ധമായ പ്രവർത്തനമാണ്. ഇത് ദേശഭക്തി ഗാനം ആണെങ്കിൽ ആർ എസ് എസുകാർ പാടിക്കോട്ടെ ‘ എന്നുമാണ് എം എ ബേബി പറഞ്ഞത്.
സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിട്ടുണ്ട് . ബലികുടീരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ടെന്നും എന്നാൽ അതൊന്നും ദേശഭക്തി ഗാനങ്ങൾ ആക്കിയില്ലല്ലോ എന്നും മന്ത്രി ചോദിക്കുന്നു. കുട്ടികൾ നിരപരാധികളാണെന്നും ഗണഗീതം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം പരാതിനൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
നടന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ പരിപാടിയാണ്. പ്രോട്ടോക്കോൾ പാലിക്കണമായിരുന്നു. ആർഎസ്എസിന്റെ ഗാനമാണ് ഗണഗീതം. രാഷ്ട്രീയ പാർട്ടികൾക്ക് അത്തരം ഒരുപാട് ഗാനങ്ങളുണ്ട്.അതൊന്നും എല്ലായിടത്തും പാടാറില്ലല്ലോ എന്നും ശിവൻകുട്ടി ചോദിച്ചു. സർക്കാരിന്റെ പരിപാടിയിൽ രാഷ്ടട്രീയ പാർട്ടികളുടെ ഗാനം ആലപിക്കാൻ പാടില്ലായിരുന്നു. അഹങ്കാരത്തിന്റെ സ്വരമാണിത്. സാമാന്യ മര്യാദ പാലിച്ചില്ല. പെട്ടെന്നു കൊണ്ടുവന്ന് പാടിച്ചതല്ല. ഏത് സ്‌കൂൾ ആയാലും മതേതരത്വത്തെ വെല്ലുവിളിക്കുന്നത് അനുവദിച്ചുകൊടുക്കാനാകില്ലെന്നായിരുന്നു ശിവൻകുട്ടി പ്രതികരിച്ചത് .
സ്‌കൂൾ പ്രിൻസിപ്പൽ പറയുന്നത് ദേശഭക്തി ഗാനമാണെന്നാണ്. അദ്ദേഹത്തിന് വിവരം എവിടെ നിന്ന് ലഭിച്ചു എന്നറിയില്ല. ദേശഭക്തിഗാനം എതാണെന്ന് പ്രിൻസിപ്പലാണോ തീരുമാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
അതേസമയം, വന്ദേഭാരത് ട്രയിനിലെ ഔദ്യോഗിക ചടങ്ങിൽ വിദ്യാർഥികളെകൊണ്ട് ഗണഗീതം പാടിപ്പിച്ചത് ശരിയല്ലെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർഥികളെ കൊണ്ട് പാടിപ്പിച്ചത് സ്കൂളാണ്. ചടങ്ങ് സംഘടിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റെയിൽവേ ബിജെപിയുടെ തറവാട്ട് സ്വത്തല്ല. ഔദ്യോഗിക പരിപാടികൾ ആർ.എസ് എസ് ന്റെ ഗണഗീതം പാടാനുള്ള വേദിയല്ല എന്നാണ് ബിന്ദുവിന്റെ വാദം.













Discussion about this post