ചെന്നൈ : തമിഴ് സിനിമ താരം അഭിനയ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിലാണ് നടൻ വിടവാങ്ങിയത്. 44 വയസ്സായിരുന്നു. തുള്ളുവതോ ഇളമൈ എന്നെ തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയിരുന്നത്.
മലയാളത്തിൽ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ കിഷോർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീർഘകാലമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം അവസാന നാളുകളിൽ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു.
‘ഞാൻ ഇനി അധികകാലം ഉണ്ടാവില്ലെന്നും ഒന്നരവർഷം മാത്രമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്’ എന്നും വ്യക്തമാക്കിക്കൊണ്ട് ഹാസ്യനടനായ കെപിവൈ ബാലയുമൊത്തുള്ള അഭിനയിന്റെ ഒരു വീഡിയോ ആയിരുന്നു വൈറലായിരുന്നത്. തുടർന്ന് തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള പലരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവന്നു. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിൽ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന നടൻ ധനുഷ് അഭിനയിന്റെ ചികിത്സയ്ക്കായി 5 ലക്ഷം രൂപ സഹായം നൽകിയിരുന്നതായും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.









Discussion about this post