വാഷിംഗ്ടൺ : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ആയി നിയമിതനായ സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സെർജിയോ ഗോറിന്റെ സത്യപ്രതിജ്ഞ. വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ചായിരുന്നു ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അമേരിക്കയുടെ ‘അതിശയകരമായ ബന്ധം’ കൂടുതൽ ആഴത്തിലാക്കുന്നതിനൊപ്പം, ഇന്ത്യയുമായുള്ള തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും മിസ്റ്റർ ഗോറിനെ ഏൽപ്പിക്കുകയാണെന്ന് സത്യപ്രതിജ്ഞ വേളയിൽ ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നും ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നുമാണ് ഇന്ത്യ എന്ന് ട്രംപ് സൂചിപ്പിച്ചു. സെർജിയോ ഗോർ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും യുഎസ് പ്രസിഡണ്ട് വ്യക്തമാക്കി.
ഇന്ത്യയിലെ അംബാസഡർ സ്ഥാനത്തിനൊപ്പം ദക്ഷിണ, മധ്യേഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധി കൂടിയായി ട്രംപ് സെർജിയോ ഗോറിനെ നിയമിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, അറ്റോർണി ജനറൽ പാം ബോണ്ടി, കൊളംബിയ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ജീനിൻ പിറോ, എറിക്ക കിർക്ക്, യുഎസ് സെനറ്റിലെ നിരവധി അംഗങ്ങൾ എന്നിവരും ഗോറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.









Discussion about this post