ഇസ്ലാമാബാദ് : ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിൽ കനത്ത ആശങ്കയെന്ന് റിപ്പോർട്ട്. ഇന്ത്യ പ്രതികാരം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. സജീവമായും സന്നദ്ധരായും ഇരിക്കാനായി വ്യോമ, നാവിക സേനകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തി മേഖലയിൽ വ്യോമ ഗതാഗത നിയന്ത്രണങ്ങളുടെയും സുരക്ഷാ പ്രോട്ടോക്കോളുകളുടെയും സൂചനയായി നവംബർ 11 മുതൽ നവംബർ 12 വരെ വ്യോമസേന നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്.
പാകിസ്താനിലെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ കരുതലോടെ ഇരിക്കാനും സേനകൾക്ക് മുന്നറിയിപ്പ് നൽകി. ഫോർവേഡ് ബേസുകളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയ്യാറാണെന്ന് ഉറപ്പാക്കാൻ വ്യോമസേനയോടും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിൽ നടന്ന കാർ സ്ഫോടനം പാകിസ്താൻ പിന്തുണയോടെ നടന്ന ഭീകരാക്രമണമെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടാകും എന്നുള്ള ആശങ്കയാണ് പാകിസ്താൻ ഭരണകൂടത്തിനുള്ളത്. സൈനിക ജെറ്റുകളും നിർണായക ഇൻസ്റ്റാളേഷനുകളും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാണ് പാകിസ്താൻ സ്വീകരിച്ചുവരുന്നത് എന്ന് പാകിസ്താനിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.









Discussion about this post