ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ സ്‌ഫോടനം ചാവേർ ആക്രമണമെന്ന് പ്രാഥമിക നിരീക്ഷണം. ജമ്മു-കശ്മീർ, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഡോ. ഉമർ മുഹമ്മദ് എന്നയാളാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാളുടെ മൃതദേഹമാണ് കാറിൽ നിന്നും ലഭിച്ചത്.
ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരിച്ചറിയലിനായി ഉദ്യോഗസ്ഥർ അവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്. ചാവേറെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ദിവസം, വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശോധനയിൽ നാല് ഡോക്ടർമാരുൾപ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തു നിർമാണ സാമഗ്രികളും ആയുധങ്ങളും ഹരിയാനയിലെ ഫരീദാബാദിൽനിന്ന് കണ്ടെത്തിയിരുന്നു. പാകിസ്താനുൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് നിയന്ത്രിക്കുന്ന ‘വൈറ്റ് കോളർ ഭീകര ശൃംഖല’യിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.









Discussion about this post