ലഖ്നൗ : അയോധ്യ, കാശി മാതൃകയിൽ മഥുര വികസന പദ്ധതിയുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. മഥുര ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിന് പുതിയ പ്രൗഡിയും മികച്ച ഗതാഗതസൗകര്യങ്ങളും നൽകി രാജ്യത്തിന്റെ ആത്മീയ ടൂറിസം ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനത്ത് എത്തിക്കാനുള്ള നീക്കമാണ് യോഗി സർക്കാർ നടത്തുന്നത്. ഉത്തർപ്രദേശ് ബ്രജ് തീർത്ഥ വികാസ് പരിഷത്തിന്റെ ‘വിഷൻ 2030’ പ്രകാരമാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.
മഥുര, വൃന്ദാവൻ, ബ്രജിലെ മറ്റ് മതകേന്ദ്രങ്ങൾ എന്നിവയെ അത്യാധുനിക സൗകര്യങ്ങളാലും എളുപ്പത്തിലുള്ള ഗതാഗത സംവിധാനങ്ങളാലും ബന്ധിപ്പിക്കാൻ ആണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ബ്രജ് മേഖല സന്ദർശിക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തർക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഈ പദ്ധതി പ്രകാരം, മഥുര, ഗോവർദ്ധൻ, ബർസാന, ഗോകുൽ തുടങ്ങിയ എല്ലാ പ്രധാന മതകേന്ദ്രങ്ങളെയും ബൈപാസ് റോഡുകൾ വഴി ബന്ധിപ്പിക്കും. ഇത് തീർത്ഥാടന യാത്ര എളുപ്പത്തിലാകുകയും കൂടുതൽ തീർത്ഥാടകരെ ഈ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ്.
47 കിലോമീറ്റർ നീളമുള്ള ഒരു പുതിയ നാലുവരി ഗോവർദ്ധൻ ബൈപാസ് ആണ് ഇതിൽ ഒരു പ്രധാന പദ്ധതി. 700 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി പൊതുമരാമത്ത് വകുപ്പാണ് (പിഡബ്ല്യുഡി) നിർമ്മിക്കുക. കൂടാതെ, ഗോവർദ്ധൻ മുതൽ ബർസാന വരെ 25 കിലോമീറ്റർ നീളമുള്ള നാലുവരി ബൈപാസും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 170 കോടി രൂപ ചിലവിൽ ആയിരിക്കും ഈ ബൈപ്പാസ് നിർമ്മിക്കുക. ഇതോടൊപ്പം വൃന്ദാവനെ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്നതിന് പുതിയ അതിവേഗ ബൈപാസ് നിർമ്മിക്കും. 1,682 കോടി രൂപ ചെലവിൽ 15 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് വേ ലിങ്ക് പദ്ധതി എൻഎച്ച്-44 നെ യമുന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ അന്തർ സംസ്ഥാന കണക്റ്റിവിറ്റിയും ശക്തിപ്പെടുന്നതാണ്.









Discussion about this post