ലഖ്‌നൗ : മദ്രസ അധ്യാപകരുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിലെ മദ്രസ അധ്യാപക നിയമനങ്ങൾ ഇനി വിദ്യാഭ്യാസ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴി മാത്രമായിരിക്കും നടത്തുക. എയ്ഡഡ് മദ്രസകളുടെ മാനേജ്‌മെന്റിന് ഇനി സ്വന്തം താല്പര്യ പ്രകാരം അധ്യാപകരെ നിയമിക്കാൻ കഴിയില്ല എന്നാണ് യുപി സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശ് വിദ്യാഭ്യാസ സർവീസ് സെലക്ഷൻ കമ്മീഷൻ ആയിരിക്കും ഇനി സർക്കാർ ധനസഹായം കൈപ്പറ്റുന്ന എല്ലാ മദ്രസകളിലെയും അധ്യാപക നിയമനങ്ങൾ നടത്തുക. ഉത്തർപ്രദേശ് സർക്കാരിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇതിനായി ഒരു നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. അത് ഉടൻ തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുമെന്നും യുപി സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പുറപ്പെടുവിച്ച മദ്രസ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായാണ് യുപി സർക്കാരിന്റെ ഈ നീക്കം. നിലവിൽ, ഉത്തർപ്രദേശിൽ 13,329 അംഗീകൃത മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 1,235,400 വിദ്യാർത്ഥികളാണ് ഈ മദ്രസകളിലായി പഠിക്കുന്നത്. ഇവയിൽ 561 മദ്രസകൾ ആണ് സംസ്ഥാന സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്നത്. 2016 ജനുവരി 1 മുതൽ ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകൾ പ്രകാരം സംസ്ഥാന സർക്കാർ ആണ് ഈ മദ്രസകളിലെ ജീവനക്കാർക്ക് ശമ്പളവും അലവൻസുകളും നൽകുന്നത്.









Discussion about this post