തിരുവനന്തപുരം : കേന്ദ്രസർക്കാരിൽ നിന്നുള്ള എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ട് കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്തം ആരു വേണമെങ്കിലും എടുത്തോട്ടെ എന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും താത്കാലികമായി മരവിപ്പിക്കുകയാണ് ചെയ്തതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സിപിഐക്ക് ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല, മാധ്യമങ്ങൾക്കായിരുന്നു ആശങ്ക ഉണ്ടായിരുന്നത് എന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറിയത് സിപിഎമ്മിന്റെയും അല്ലെങ്കിൽ മറ്റ് ആരുടെയെങ്കിലുമോ വിജയമോ പരാജയമോ അല്ല. വിദ്യാഭ്യാസരംഗത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കില്ല എന്നാണ് തീരുമാനം. ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണം എന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട എന്ന് ബിനോയ് വിശ്വത്തെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് വി ശിവൻകുട്ടി വ്യക്തമാക്കി. ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിന് ഇല്ല എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.









Discussion about this post