പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഭീഷണി മുഴക്കി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ്. ബീഹാറിൽ 2020ന് സമാനമായുള്ള എൻഡിഎയുടെ ഏകപക്ഷീയ വിജയം ഉണ്ടായാൽ നേപ്പാളിലെയും ബംഗ്ലാദേശിലെയും തെരുവിൽ കണ്ട കാഴ്ച കാണേണ്ടിവരുമെന്നാണ് ആർജെഡി നേതാവ് സുനിൽ സിംഗ് ഭീഷണി മുഴക്കിയത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പെരുമാറണമെന്നും സുനിൽ സിംഗ് സൂചിപ്പിച്ചു. എൻഡിഎ സർക്കാർ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി ആർജെഡി സ്ഥാനാർത്ഥികളെയാണ് ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്തിയത്. ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും സുനിൽ സിംഗ് ആരോപിച്ചു.
ബീഹാറിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് ആർജെഡി നേതാവിന്റെ ഭീഷണി. എൻഡിഎ സ്ഥാനാർത്ഥികൾ വിജയം നേടിയാൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ തെരുവുകളിൽ നിങ്ങൾ കണ്ട കാഴ്ചകൾ ബീഹാറിലെ തെരുവുകളിലും കാണേണ്ടിവരും. എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുന്നത് വ്യാപകമായ പൊതുജനരോഷത്തിന് കാരണമാകും. സാധാരണക്കാർ തെരുവിലിറങ്ങുന്നത് നിങ്ങൾ കാണും. പൊതുജന വികാരത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സുനിൽ സിംഗ് അറിയിച്ചു.









Discussion about this post