പട്ന : ബീഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് എൻഡിഎ ലീഡ് തുടരുന്നു. എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നത്. എൻഡിഎ 152 സീറ്റുകളിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പ്രതിപക്ഷസഖ്യം നിലവിൽ 70 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് വൻ തകർച്ചയാണ് ബീഹാറിൽ ഉണ്ടായിരിക്കുന്നത്.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയാലും എൻഡിഎ സർക്കാരിനെ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ നയിക്കുമെന്ന് ബീഹാർ ബിജെപി വ്യക്തമാക്കി. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാം തന്നെ വൻ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്. കൂടാതെ ബീഹാറിലെ ശ്രദ്ധേയ മണ്ഡലങ്ങൾ ആയ ബങ്കിപൂർ, കുമ്രാർ, ദിഘ, ബർഹ്, ഹാജിപൂർ, സാഹെബ്ഗഞ്ച്, ബരുരാജ്, കുധ്നി, പൂർണിയ എന്നിവിടങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. പിന്നോക്ക മണ്ഡലങ്ങളിൽ പോലും എൻഡിഎ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.
1951 ലെ ബീഹാറിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 67.13 ശതമാനമാണ് സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. നവംബർ 6 ന് നടന്ന ആദ്യ ഘട്ട പോളിംഗിൽ 65.08 ശതമാനവും നവംബർ 11 ന് നടന്ന രണ്ടാം ഘട്ടത്തിൽ 69.20 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്ന ലഖിസാരായ്, അലിനഗർ, ബക്സർ, പട്ന സാഹിബ് തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് പ്രതീക്ഷിച്ച സ്വാധീനം ബീഹാറിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല.









Discussion about this post