ന്യൂഡൽഹി : ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് പോലീസിന് നിർദേശം. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ആണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒരു പരിധിക്കപ്പുറം അമോണിയം നൈട്രേറ്റ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ ഡിജിറ്റൽ റെക്കോർഡ് സൂക്ഷിക്കാനും തിരക്കേറിയ മാർക്കറ്റുകളിലും ഐഎസ്ബിടികളിലും കർശനമായ സുരക്ഷാ ഓഡിറ്റുകൾ നടത്താനും ലെഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെട്ടു.
മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ നിർദ്ദേശമെന്ന് നവംബർ 19 ന് പോലീസ് കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും പ്രത്യേകമായി രേഖാമൂലം നൽകിയ ഉത്തരവിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വളം വിതരണ സ്ഥാപനങ്ങളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ അമോണിയം നൈട്രേറ്റ് വാങ്ങുന്ന ആളുകളുടെ മറ്റ് പ്രസക്തമായ വിശദാംശങ്ങൾക്ക് പുറമെ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും ഫോട്ടോഗ്രാഫുകൾ രേഖയിൽ ഉൾപ്പെടുത്തണം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ മാർക്കറ്റുകളിലും ഐഎസ്ബിടികളിലും സിസിടിവി ക്യാമറ കവറേജും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസവും നിരീക്ഷിക്കുന്നതിന് കർശനമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാനും ശ്രീ സക്‌സേന പോലീസിനോട് നിർദ്ദേശിച്ചു.










Discussion about this post