ന്യൂഡൽഹി : വൈറ്റ് കോളർ ഭീകര ശൃംഖലയിലെ മുഖ്യ കണ്ണിയായ വനിതാ തീവ്രവാദി ഡോക്ടർ ഷഹീൻ സമൂഹത്തിലെ ദുർബലരായ സ്ത്രീകളെ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നതായി കണ്ടെത്തൽ. ഡോ. ഷഹീന്റെ വാട്സ്ആപ്പ് ചാറ്റുകൾ ദേശീയ അന്വേഷണ ഏജൻസി വീണ്ടെടുത്തു. ഈ സന്ദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുള്ള വിവരങ്ങൾ പ്രകാരം ‘മിഷൻ കാഫിർ’ എന്നൊരു ചാവേർ പദ്ധതി തന്നെ ഇവർ തയ്യാറാക്കിയിരുന്നു.
സൂയിസൈഡ് ബോംബർമാരായി മുസ്ലിം സമുദായത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ ആണ് ഷഹീൻ ലക്ഷ്യമിട്ടിരുന്നത്. വിവാഹമോചിതരായവരോ കുടുംബം വിട്ട് ബന്ധുക്കളുടെ പിന്തുണയില്ലാതെ കഴിയുന്നവരോ ആയ മുസ്ലിം സ്ത്രീകൾ ആയിരുന്നു ഇവരുടെ ഇരകൾ. ബ്രെയിൻ വാഷിംഗിന് ഇരയാകാൻ സാധ്യതയുള്ള 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും ഡോ. ഷഹീൻ പ്രത്യേകം അന്വേഷിച്ചിരുന്നു. ഇവരെ ചാവേർ ബോംബ് സ്ഫോടനത്തിന് ഉപയോഗിക്കാൻ ആയിരുന്നു വൈറ്റ് കോളർ തീവ്രവാദി ശൃംഖല പദ്ധതി തയ്യാറാക്കിയിരുന്നത്.
വൈറ്റ് കോളർ ഭീകരരായ ഡോക്ടർമാർക്ക് ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങളെ കുറിച്ചും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഡോ. ഷഹീൻ, ഡോ. ആദിൽ, ഡോ. ആരിഫ്, ഡോ. പർവേസ് എന്നിവരുമായി ബന്ധപ്പെട്ട് ഏഴ് വർഷത്തിനിടെ 40 കോടിയിലധികം രൂപയുടെ സംശയാസ്പദമായ ബാങ്കിംഗ് ഇടപാടുകൾ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഇടപാടുകളിൽ അക്കൗണ്ടുകൾക്കിടയിൽ ഇടയ്ക്കിടെ നിരവധി ചെറിയ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടതായും കണ്ടെത്തി. ഓരോ മാസവും 25-ാം തീയതി മുതൽ 28-ാം തീയതി വരെ 1,00,001 രൂപയോ 2,00,001 രൂപയോ പോലുള്ള തുകകൾ പതിവായി നിക്ഷേപിക്കുകയും പിന്നീട് താമസിയാതെ പിൻവലിക്കുകയും ചെയ്യുന്ന ഒരു ഇടപാട് രീതി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വലിയ തുകകളിലേക്ക് ഒരു രൂപ അസാധാരണമായി ചേർക്കുന്നത് ഗൂഢാലോചനക്കാർക്കിടയിൽ ചില നിർദ്ദിഷ്ട സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ഒരു രഹസ്യ കോഡായിരിക്കാം എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഈ കോഡ് ചെയ്ത പണമിടപാടുകളുടെ യഥാർത്ഥ ലക്ഷ്യം കണ്ടെത്തുന്നതിനായി ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് എൻഐഎ.










Discussion about this post