ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് താലിബാൻ ഭരണകൂടം. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി എന്തിനാണെന്നുള്ള വ്യവസായികളെയും നിക്ഷേപകരെയും അഫ്ഗാനിസ്ഥാനിലേക്ക് പ്രത്യേകം ക്ഷണിച്ചു. ഇന്ത്യ അഫ്ഗാനിസ്ഥാന്റെ എക്കാലത്തെയും ഏറ്റവും മികച്ച സുഹൃത്താണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യൻ വ്യവസായികൾക്ക് ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷം ഒരുക്കി തരും എന്നും അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി ഉറപ്പുനൽകി. ന്യൂഡൽഹിയിൽ നടന്ന പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പരിപാടിയിൽ അഫ്ഗാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസി പങ്കെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി. ഇന്ത്യയിൽ നിന്നുള്ള പുതിയ ആഭ്യന്തര വ്യാവസായിക യൂണിറ്റുകൾക്ക് അഫ്ഗാനിസ്ഥാൻ അഞ്ച് വർഷത്തെ നികുതി ഇളവ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതോടൊപ്പം ഇന്ത്യയിൽ നിന്നും ഉള്ള അസംസ്കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കും 1% ഇറക്കുമതി തീരുവ മാത്രമേ ചുമത്തൂ എന്നും താലിബാൻ മന്ത്രി അറിയിച്ചു. സിമൻറ്, അരി, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഖനനം, ഊർജ്ജം എന്നിവ അഫ്ഗാനിസ്ഥാന്റെ മുൻഗണനാ മേഖലകളാണ്. ഉൽപ്പാദനം വർദ്ധിക്കുന്നതിനനുസരിച്ച് സർക്കാർ പ്രോത്സാഹനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നയവും സ്വീകരിക്കും എന്നും അഫ്ഗാനിസ്ഥാൻ വാണിജ്യ വ്യവസായ മന്ത്രി അറിയിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാബൂൾ-ഡൽഹി, കാബൂൾ-അമൃത്സർ വ്യോമ-ചരക്ക് ഇടനാഴികൾ വീണ്ടും സജീവമാക്കിയെന്നും ചരക്ക് വിമാനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എം. പ്രകാശ് ആനന്ദ് വ്യക്തമാക്കി.












Discussion about this post