മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മായാവി റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്ത നിങ്ങൾ അറിഞ്ഞു കാണുമല്ലോ. നിർമാതാക്കളായ വൈശാഖ സിനിമാസാണ് ഇക്കാര്യം അറിയിച്ചത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ ഒരുങ്ങുന്നത്. റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായിരുന്നു.
മമ്മൂട്ടിക്ക് കോമഡി നല്ല രീതിയിൽ വഴങ്ങും എന്ന് കാണിച്ച സിനിമയിൽ മഹി അഥവാ മായാവി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. തന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യുന്ന മായാവിയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഇരുട്ടത്ത് കണ്ണ് കാണുന്ന, മായാവിയെ പോലെ എവിടെയും ആരുടേയും കണ്ണിൽപ്പെടാതെ കയറി വരുന്ന മഹി സിനിമയിൽ കൂട്ടുകാരനായ മനോജ് കെ ജയൻ അവതരിപ്പിച്ച ബാലൻ എന്ന കഥാപാത്രത്തെ സഹായിക്കുന്നുണ്ട്.
ജയിലിൽ സഹതടവുകാരനായിരുന്ന ബാലന്റെ അനിയന് ഒരു ഓപ്പറേഷൻ ആവശ്യമാണ്. അതിനുള്ള പണം കണ്ടെത്താൻ മഹി ശ്രമിക്കുമ്പോൾ ചെന്നുചാടുന്ന പ്രശ്നങ്ങളും അതിനെ അയാൾ അതിജീവിക്കുന്നതുമാണ് സിനിമയിലെ കഥ. സിനിമയുടെ അവസാന ഭാഗത്തേക്ക് വരുമ്പോൾ അതുവരെ നല്ലവൻ എന്ന് ഏവരും കരുതിയ ബാലൻ ഒരു വില്ലൻ ആണെന്ന് പ്രേക്ഷകർ കാണുന്നു. അടുത്ത കൂട്ടുകാരായ മഹിയെ അയാൾ ചതിക്കുന്നത് ഒകെ അന്ന് ഞെട്ടൽ ഉണ്ടാക്കിയ രംഗമാണ്.
എന്നാൽ സിനിമയുടെ തുടക്കത്തിൽ തന്നെ മനോജ് അവതരിപ്പിച്ച കഥാപാത്രം അത്ര വെടിപ്പല്ല എന്ന് കാണിക്കുന്നുണ്ട്. ബാങ്കിൽ നടത്തിയ തിരുമറിക്ക് ഒടുവിൽ അകത്തായ ബാലൻ സിനിയിലെ ഹിറ്റ് പാട്ടായ ” സ്നേഹം തേനല്ല” ഗാനത്തിൽ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ പ്ലേറ്റിൽ മുടി കാണുമ്പോൾ അത് നൈസായി മാറ്റി മമ്മൂട്ടിയുടെ പ്ലേറ്റുമായി വെച്ചുമാറുന്നത് കാണാം.
ചെറിയ ഒരു ഭാഗം മാത്രം ആണെങ്കിലും ആ സ്വഭാവം മുഴുവൻ അതിലൂടെ ഷാഫി നമ്മളെ കാണിക്കുന്നു.













Discussion about this post