റായ്പുർ : കീഴടങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകി കമ്മ്യൂണിസ്റ്റ് ഭീകരർ. എല്ലാവരും കീഴടങ്ങുന്നതിനായി അടുത്തവർഷം ഫെബ്രുവരി വരെ തങ്ങൾക്ക് സമയം തരണമെന്നും അതുവരെ സുരക്ഷാസേനയോട് ഓപ്പറേഷൻ നിർത്തിവയ്ക്കാൻ ആവശ്യപ്പെടണമെന്നും അപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുഖ്യമന്ത്രിമാർക്ക് കത്ത് നൽകിയിരിക്കുന്നത്. നക്സൽ ബാധിത പ്രദേശങ്ങളായിരുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർക്കാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കത്തെഴുതിയിരിക്കുന്നത്.
തങ്ങളുടെ എല്ലാ കേഡർമാരെയും കീഴടങ്ങാൻ സൗകര്യമൊരുക്കാൻ 2026 ഫെബ്രുവരി വരെ സമയം അനുവദിക്കണമെന്നും അതുവരേക്ക് കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത് എന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
എല്ലാ കേഡർമാരും കീഴടങ്ങാൻ തയ്യാറാണെന്നും, മുഴുവൻ പേരും കീഴടങ്ങുന്നത് വരെ സുരക്ഷാസേനയോട് സംയമനം പാലിക്കാൻ നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രിമാർക്ക് നൽകിയ കത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരർ സൂചിപ്പിച്ചു. “സർക്കാരുകളുടെ പുനരധിവാസ പദ്ധതികളിൽ ചേരാൻ എല്ലാ കേഡർമാരും താല്പര്യപ്പെടുന്നു. പക്ഷേ മൂന്ന് സംസ്ഥാനങ്ങളിലെയും സർക്കാരുകളോട് ഞങ്ങൾക്ക് സമയം നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ സഖാക്കളെ ബന്ധപ്പെടാനും ഞങ്ങളുടെ രീതിശാസ്ത്രത്തിന് അനുസൃതമായി ഈ സന്ദേശം അവരെ അറിയിക്കാനും ഞങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, 2026 ഫെബ്രുവരി 15 വരെ ഞങ്ങൾ സമയം അഭ്യർത്ഥിക്കുന്നു,” എന്നാണ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരർ വ്യക്തമാക്കിയിട്ടുള്ളത്.









Discussion about this post