കൊൽക്കത്ത : ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ്സ് എംഎൽഎയുടെ പ്രഖ്യാപനം വൻ വിവാദമായതോടെ നടപടിയെടുത്ത് പാർട്ടി. വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രഖ്യാപനം നടത്തിയ എംഎൽഎ ഹുമയൂൺ കബീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
ബാബറി മസ്ജിദ് പശ്ചിമ ബംഗാളിൽ പുനർ നിർമ്മിക്കും എന്നായിരുന്നു തൃണമൂൽ എംഎൽഎയുടെ വാഗ്ദാനം.
ഡിസംബർ 6 ന് മുർഷിദാബാദിലെ ബെൽദംഗയിൽ ബാബറി മസ്ജിദിന്റെ ഒരു പകർപ്പിന് തറക്കല്ലിടുമെന്ന് ഹുമയൂൺ കബീർ പ്രഖ്യാപിക്കുകയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ ഈ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും എംഎൽഎ സൂചിപ്പിച്ചിരുന്നു. പ്രസ്താവന വൻ വിവാദമായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു ഇതിനെതിരെ ഉയർന്നിരുന്നത്.
തൃണമൂൽ കോൺഗ്രസ് തന്നെ സസ്പെൻഡ് ചെയ്തതിനാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് എംഎൽഎ ഹുമയൂൺ കബീർ അറിയിച്ചു. അടുത്ത മാസം പുതിയ പാർട്ടി രൂപീകരിക്കുമെന്നും പശ്ചിമ ബംഗാളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.









Discussion about this post