ന്യൂഡൽഹി : വ്യാജ ബാങ്ക് ഗ്യാരണ്ടി കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. റിലയൻസ് പവറിനും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് കുറ്റപത്രം. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടെൻഡർ ഉറപ്പാക്കുന്നതിനായി 68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണമാണ് റിലയൻസ് പവറിലേക്ക് എത്തിച്ചേർന്നത്. ബിസ്വാൾ ട്രേഡ്‌ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ (എംഡി) പാർത്ഥ സാരഥി ബിസ്വാൾ, ബയോതെയ്ൻ കെമിക്കൽസിന്റെ അമർ നാഥ് ദത്ത, റിലയൻസ് എൻയു ബെസ്സിന്റെ രവീന്ദർ പാൽ സിംഗ് ഛദ്ദ, റോസ പവർ സപ്ലൈ കമ്പനിയുടെ മനോജ് ഭയ്യാസാഹെബ് പോങ്‌ഡെ, റിലയൻസ് പവർ ലിമിറ്റഡിന്റെ അന്നത്തെ ചീഫ് ഫിനാൻസ് ഓഫീസർ (സിഎഫ്‌ഒ) അശോക് കുമാർ പാൽ, പുനിത് നരേന്ദ്ര ഗാർഗ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.
1000 MW/2000 MWh സ്റ്റാൻഡ്-എലോൺ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടെൻഡറുകളിലാണ് റിലയൻസ് പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയൻസ് എൻയു ബെസ് ലിമിറ്റഡ് വ്യാജ ബാങ്ക് ഗ്യാരണ്ടി ഉപയോഗിച്ച് ബിഡ് ചെയ്തിരുന്നത്. ഈ ബിഡിന് 68.2 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ആവശ്യമായിരുന്നു. ടെൻഡർ നിയമങ്ങൾ പ്രകാരം, വിദേശ ബാങ്കുകൾ നൽകുന്ന ഗ്യാരണ്ടികൾ അവരുടെ ഇന്ത്യൻ ശാഖകളോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ അംഗീകരിക്കണമായിരുന്നു. തുടർന്ന് ഒരു എസ്‌ബിഐ ഇമെയിൽ ഐഡിയും വ്യാജ കത്തുകളും ഉപയോഗിച്ച് വ്യാജ എൻഡോഴ്‌സ്‌മെന്റുകൾ നിർമ്മിച്ചു എന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നത്.












Discussion about this post