തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ നടന്ന അഴിമതികളിൽ അന്വേക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നല്കിയതായി വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ അഞ്ച് വർഷത്തിൽ കോർപ്പറേഷൻ രേഖാമൂലം ചിലവാക്കിയത് ആയിരം കോടി കേന്ദ്ര ഫണ്ട് ഉൾപ്പടെ ഇരുപതിനായിരം കോടി രൂപയാണ്. എന്നാൽ അത്രയും തുകയുടെ വികസനം നടന്നിരുന്നെങ്കിൽ തിരുവനന്തപുരം നഗരത്തിൻ്റെ ഗതി തന്നെ മാറിയേനെ എന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
കോർപ്പറേഷനിൽ വാഹനങ്ങളുടെ അറ്റകുറ്റ പണികളെ കുറിച്ച് രേഖകൾ ഇല്ല.എല്ലാ വാഹനങ്ങളും നാശമായ അവസ്ഥയിലാണ് ഉള്ളത്. പുതിയ വാഹനങ്ങൾ വാങ്ങിയതിലും വൻ ക്രമക്കേടുകളാണ്. 2023-24 ലെ ആഡിറ്റ് റിപ്പോർട്ട് പ്രകാരം മാലിന്യ സംസ്കരണാവശ്യങ്ങൾക്കായി വാങ്ങിയ അമ്പത് ഇ- റിക്ഷകൾ ചാർജിംഗ് സംവിധാനവും ഗുണനിലവാരവും ഇല്ലാത്തത് കാരണം വാറണ്ടിക്ക് മുമ്പ് തന്നെ ഒരു മാസം പോലും ഉപയോഗിക്കാതെ നശിച്ചു. ധാരാളം വാഹനങ്ങൾ ഉണ്ടങ്കിലും നഗര സഭ പുറത്ത് നിന്ന് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് അതിലും അഴിമതി കാണിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മത്സ്യ തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് നല്കാനായി 1629 ലാപ്ടോപ്പുകൾ അഞ്ച് കോടിയിൽപ്പരം രൂപയ്ക്ക് (5,33,35,366 ) വാങ്ങിയിട്ടുണ്ടങ്കിലും അത് ആ മേഖലയിലെ കുട്ടികൾക്ക് കൊടുത്തതായി രേഖകൾ ഇല്ലന്നും, 2.21 കോടി (2, 21 ,39, 043) ചിലവാക്കി 8835 തെരുവ് നായകളെ വന്ധ്യകരിച്ചു എന്ന് രേഖയുണ്ടാക്കിയത് പച്ച കള്ളമാണന്നും, സ്മാർട്ട് സിറ്റി പദ്ധതിയുടെ നൂറ് കോടി (100,32,75,480) ഉപയോഗിച്ച് സർക്കാർ ഓഫിസുകളിൽ സോളാർ ഊർജ്ജ പദ്ധതി നടപ്പിലാക്കാൻ അഞ്ച് കോടിക്ക് മുകളിലുള്ള പദ്ധതി നടത്താൻ യോഗ്യത ഇല്ലാത്ത അനെർട്ടിനെ ഏൽപ്പിച്ച് അതിലൂടെ പാർട്ടിക്കാർക്ക് ഉപ കരാറുകൾ നൽകി ക്രമക്കേടും അഴിമതിയും നടത്തി പദ്ധതി അവതാളത്തിലാക്കിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
പത്ത് വർഷം പഴക്കമുള്ള സുലഭ് ടോയിലറ്റുകളിൽ സ്മാർട്ട് സിറ്റി എന്ന് ബോർഡ് വച്ച് ഒന്നര കോടി രൂപയുടെ അഴിമതി നടത്തിയെന്നും നികുതി പിരിവിൽ വ്യക്തികളിൽ നിന്ന് വാങ്ങിയ ചെക്ക് പണമാക്കാതെ അഴിമതി നടത്തുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നഗരസഭയുടെ പാലിയേറ്റീവ് കെയർ സംവിധാനത്തിൽ പോലും ഇരട്ട ടെൻഡർ വിളിച്ച് അഴിമതി കാണിച്ചു. പട്ടിക ജാതി വിഭാഗങ്ങൾക്ക് വേണ്ടി ചിലവഴിച്ചത് അനുവദിച്ചതിൻ്റെ രണ്ട് ശതമാനം തുക മാത്രമാണന്നും സ്കളുകളിൽ മൾട്ടി മീഡിയ സ്ഥാപിക്കുന്നതിൽ കോടികളുടെ ക്രമക്കേടും മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പദ്ധതിയിൽ പോലും മുപ്പത് ലക്ഷത്തിൻെ ക്രമക്കേടും നടന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പേരൂർക്കട വാർഡിൽ ഇല്ലാത്ത നീന്തൽ കുളത്തിൻ്റെ പേരിൽ ഒരു കോടി നാല്പത് ലക്ഷം രൂപയും, തീരെ ശാസ്ത്രിയമല്ലാത നിർമ്മിച്ച തമ്പാനൂരിലെ പാർക്കിംഗ പ്ലാസയുടെ പേരിലും വൻ തട്ടിപ്പുകൾ നടത്തിയ മേയറിനും കുട്ടാളികൾക്കും എതിരെ തെരഞ്ഞടുപ്പ് കഴിഞ്ഞാലും ബിജെപിയുടെ പ്രതിരോധം തുടരുമെന്നും അഴിമതി രഹിത ഭരണം നടക്കുന്ന തിരുവനന്തപുരം നഗരസഭയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സോമൻ, ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.












Discussion about this post