ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ വിമാന നിരക്ക് വർദ്ധനവിനെത്തുടർന്ന്, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റുകളിൽ വൻവർദ്ധനവ് ഉണ്ടായതോടെയാണ് കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ വിമാനക്കമ്പനികൾക്ക് നിശ്ചിത പരിധിക്ക് മുകളിൽ നിരക്ക് ഈടാക്കാൻ കഴിയില്ല. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പരിധികൾ പ്രകാരമേ ഇനി വിമാന കമ്പനികൾക്ക് ആഭ്യന്തര സർവീസുകളുടെ ടിക്കറ്റ് നിരക്കുകൾ ഈടാക്കാൻ കഴിയുള്ളൂ.
കേന്ദ്രസർക്കാരിന്റെ പുതുക്കിയ വിമാന ടിക്കറ്റ് നിരക്കുകൾ പ്രകാരം, 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള യാത്രകൾക്ക് പരമാവധി 7500 രൂപയാണ് ടിക്കറ്റ് നിരക്ക്. 500 മുതൽ 1000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് പരമാവധി നിരക്ക് 12000 രൂപയായിരിക്കും. 1000-1500 കിലോമീറ്റർ ദൂരത്തിന് പരമാവധി നിരക്ക് 15000 രൂപയും, 1500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് പരമാവധി നിരക്ക് 18000 രൂപയുമാണ് പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
വിമാന ടിക്കറ്റുകൾക്ക് ബാധകമായ ഉപയോക്തൃ വികസന ഫീസ്, പാസഞ്ചർ സർവീസ് ഫീസ്, നികുതികൾ എന്നിവയ്ക്ക് പുറമെയാണ് മുകളിൽ പറഞ്ഞ നിരക്ക് പരിധികൾ എന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ബിസിനസ് ക്ലാസ്, ആർസിഎസ് വിമാനങ്ങൾക്ക് ഈ നിരക്ക് പരിധികൾ ബാധകമല്ല. പ്രതിസന്ധികൾ അവസാനിച്ച് വിമാന ടിക്കറ്റ് നിരക്കുകൾ സ്ഥിരമാകുന്നതുവരെയോ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുവരെയോ ഈ നിരക്ക് പരിധികൾ പ്രാബല്യത്തിൽ തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.













Discussion about this post