കഴിഞ്ഞ നാല് ഏകദിനങ്ങളിൽ നിന്ന് 376 റൺസ്, രണ്ട് സെഞ്ച്വറികൾ, പുറത്തായത് രണ്ട് തവണ മാത്രം. ഓസ്‌ട്രേലിയയിൽ തുടർച്ചയായി രണ്ട് തവണ പൂജ്യനായി മടങ്ങിയതിന് ശേഷം കോഹ്‌ലിയുടെ കഴിവിനെ സംശയിച്ച ആളുകൾക്ക് ഉള്ള മറുപടി താരം നൽകിയത് നല്ല ഒന്നാന്തരം ക്ലാസ്സായി. ആ പരമ്പരയിലെ മൂന്നാം മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ സൂചന കാണിച്ചതാണ്.
എന്നാൽ അന്നത്തെ ഇന്നിംഗ്സ് ” ചക്കയിട്ടു മുയൽ ചത്തു” ആണെന്ന് പറഞ്ഞ വിരോധികൾക്ക് മുന്നിൽ താരം അഴിഞ്ഞാടുന്ന കാഴ്ച്ചയാണ് പിന്നെ ക്രിക്കറ്റ് ലോകം കണ്ടത്. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും സഹിതം 302 റൺസ് നേടിയ കോഹ്‌ലി കരിയറിലെ മറ്റൊരു പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയതിന് പിന്നാലെ 2-3 വർഷത്തിനിടെ താൻ ഇതുപോലെ ബാറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ്.
“സത്യം പറഞ്ഞാൽ, പരമ്പരയിൽ ഞാൻ കളിച്ച രീതിയാണ് എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന കാര്യം,” 45 പന്തിൽ നിന്ന് 65 റൺസ് നേടി പുറത്താകാതെ നിന്ന് ഇന്ത്യൻ ടീമിനെ 39.5 ഓവറിൽ 271 റൺസ് പിന്തുടർന്ന് ജയിക്കാൻ സഹായിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലി ആദ്യം പറഞ്ഞ വാക്കുകൾ ആയിരുന്നു.
“എനിക്ക് ശരിക്കും സ്വാതന്ത്ര്യം തോന്നുന്നു. 2-3 വർഷമായി ഞാൻ ഇങ്ങനെ കളിച്ചിട്ടില്ല. മുഴുവൻ സാഹചര്യങ്ങളും നന്നായി ഒത്തുവന്ന ഒരു പരമ്പരയായിരുന്നു. എന്റെ സ്വന്തം നിലവാരം ഉയർത്താനും സ്വാധീനം ചെലുത്താനും ഞാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് ഇങ്ങനെ ബാറ്റ് ചെയ്യാൻ കഴിയുമ്പോൾ, അത് ടീമിനെ വളരെയധികം സഹായിക്കുമെന്ന് എനിക്കറിയാം. എനിക്ക് ആത്മവിശ്വാസം ഉള്ളപ്പോൾ ഏത് സാഹചര്യവും, എനിക്ക് കൈകാര്യം ചെയ്യാനും ടീമിന് അനുകൂലമായി കൊണ്ടുവരാനും കഴിയും,” കോഹ്‌ലി പറഞ്ഞു.
തന്റെ ഇത്രയും നീണ്ടുനിന്ന, മികച്ച കരിയറിൽ ബാറ്റ് ചെയ്യാനുള്ള കഴിവിനെക്കുറിച്ച് സംശയം തോന്നിയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആ വെല്ലുവിളിയിൽ നിന്ന് അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. “നിങ്ങൾ ഇത്രയും കാലം – 15-16 വർഷം – കളിക്കുമ്പോൾ, നിങ്ങൾക്ക് സ്വയം സംശയം തോന്നും. പ്രത്യേകിച്ച് ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു പിഴവ് നിങ്ങളെ പുറത്താക്കുമ്പോൾ. സ്വയം മെച്ചപ്പെടുത്തലിന്റെയും വ്യക്തിഗത വളർച്ചയുടെയും ഒരു യാത്രയാണിത്. ഇത് നിങ്ങളെ ഒരു വ്യക്തിയെന്ന നിലയിൽ മെച്ചപ്പെടുത്തുന്നു, കൂടാതെ നിങ്ങളുടെ സ്വഭാവത്തെയും മെച്ചപ്പെടുത്തുന്നു. എനിക്ക് ഇപ്പോഴും ടീമിന് സംഭാവന നൽകാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു,” കോഹ്‌ലി പറഞ്ഞു.
ഈ പരമ്പരയിലെ കോഹ്‌ലിയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അദ്ദേഹത്തിന്റെ സിക്സ് ഹിറ്റിംഗ് കഴിവായിരുന്നു. മൂന്ന് മത്സരങ്ങളിലായി 12 സിക്സറുകൾ വരെ അദ്ദേഹം അടിച്ചു. ഈ പരമ്പരയിൽ ഏറ്റവുമധികം സിക്സ് നേടിയ താരവും കോഹ്‌ലി തന്നെ.











Discussion about this post