എറണാകുളം : നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ് കോടതി. ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടു. ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾക്ക് മേലെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കൂട്ട ബലാത്സംഗം തെളിഞ്ഞതായും കോടതി അറിയിച്ചു. ഏഴാം പ്രതിയെയും എട്ടാം പ്രതിയെയും കോടതി വെറുതെ വിട്ടു. കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. തെളിവില്ലെന്ന് കണ്ടത്തലിനെ തുടർന്നാണ് ദിലീപിനെ കോടതി വെറുതെവിട്ടത്.
ഏഴര വർഷം നീണ്ടു നിന്ന വിചാരണയ്ക്കു ശേഷമാണ് കേസിൽ ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആണ് കേസിൽ വിധി പറഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കോടതി നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായിരുന്നു.
സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെ ബലാത്സംഗ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. 261 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന 1700 ലധികം രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-ന് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായി. തുടർന്ന് മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ജൂലൈ 10-ന് നടൻ ദീലീപിനെ അറസ്റ്റ് ചെയ്തു. വിചാരണ കാലയളവിൽ 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചിരുന്നത്.











Discussion about this post