എറണാകുളം : നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിന്റെ ആദ്യ പ്രതികരണം പുറത്ത്. നടിയും മുൻ ഭാര്യയുമായ മഞ്ജുവാര്യർക്കെതിരെയാണ് ദിലീപിന്റെ ആദ്യ പ്രതികരണം. ” മഞ്ജു പറഞ്ഞ ഗൂഢാലോചന എന്ന വാക്കിന് പിന്നാലെയാണ് കേസിൽ ഗൂഢാലോചന നടക്കുന്നത്. എനിക്കെതിരെയാണ് ഈ കേസിൽ യഥാർത്ഥ ഗൂഢാലോചന നടന്നത്” എന്ന് ദിലീപ് പ്രതികരിച്ചു.
നടിയെ ആക്രമിച്ച സംഭവത്തിനുശേഷം എറണാകുളത്ത് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന സമ്മേളനത്തിലാണ്, ഈ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജുവാര്യർ വ്യക്തമാക്കിയിരുന്നത്. ഈ കാര്യമാണ് ഇപ്പോൾ ദിലീപ് തന്റെ പ്രതികരണത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. സമൂഹത്തിൽ തന്റെ അന്തസ്സ് കളങ്കപ്പെടുത്താൻ ആയി നടത്തിയ ഗൂഢാലോചനയാണ് ഈ കേസ് എന്നും ദിലീപ് കോടതിയിൽ നിന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ സൂചിപ്പിച്ചു.
9 വർഷം തന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് അറിയിച്ചു. വർഷങ്ങളായി തനിക്ക് വേണ്ടി കേസ് നടത്തുന്ന അഭിഭാഷകർക്ക് ദിലീപ് പ്രത്യേകം നന്ദി പറഞ്ഞു. അഭിഭാഷകൻ രാമൻ പിള്ളയുടെ പേര് എടുത്തുപറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു. കൂടെ നിന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ദിലീപ് കോടതിയിൽ നിന്നും മടങ്ങിയത്.











Discussion about this post