ശ്രീനഗർ : വിസ വ്യവസ്ഥകൾ ലംഘിച്ച് സംശയാസ്പദമായ രീതിയിൽ ലഡാക്കിലും കശ്മീരിലും കറങ്ങിനടന്ന ചൈനീസ് പൗരൻ അറസ്റ്റിൽ. ഹു കാങ്‌തായ് എന്ന 29 വയസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. ഇന്ത്യയിലെ ചില ബുദ്ധമത കേന്ദ്രങ്ങളിലേക്ക് മാത്രം യാത്ര ചെയ്യാൻ അനുവദിക്കുന്ന ടൂറിസ്റ്റ് വിസയിൽ ഡൽഹിയിൽ എത്തിയ വ്യക്തിയാണ് ഈ ചൈനീസ് പൗരൻ. സുരക്ഷാസേന അറസ്റ്റ് ചെയ്ത ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
നവംബർ 19ന് ആണ് ഹു കാങ്‌തായ് ചൈനയിൽ നിന്നും ന്യൂഡൽഹിയിൽ വിമാനം ഇറങ്ങിയിരുന്നത്. ബുദ്ധമത കേന്ദ്രങ്ങൾ മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന ടൂറിസ്റ്റ് വിസയിലായിരുന്നു ഇദ്ദേഹം ഡൽഹിയിൽ എത്തിയത്. എന്നാൽ ഈ ബുദ്ധമത കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു പകരം ഹു കാങ്‌തായ് ലഡാക്കിലേക്കും കശ്മീരിലേക്കുമാണ് യാത്ര നടത്തിയത്. പ്രദേശത്ത് അസാധാരണമായ ഒരു ഇന്റർനെറ്റ് പ്രവർത്തനം സൈന്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെൻഷെൻ പ്രദേശത്തുനിന്നുള്ള വ്യക്തിയാണ് ഹു കാങ്‌തായ്. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള ഹു കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. കശ്മീരിലെ സിആർപിഎഫ് വിന്യാസങ്ങൾ, ആർട്ടിക്കിൾ 370, സുരക്ഷാ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തിരച്ചിലുകൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തി. കൂടുതൽ വിശദമായ പരിശോധനകൾക്കായി ഫോൺ ഫോറൻസിക് സംഘത്തിന് കൈമാറിയിരിക്കുകയാണ്.










Discussion about this post