മൂന്ന് ഫോർമാറ്റുകളിലും കുറഞ്ഞത് 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ജസ്പ്രീത് ബുംറ ഇന്നലെ മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കളിക്കാരനാണ് അദ്ദേഹം. കട്ടക്കിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20യിൽ 11-ാം ഓവറിലെ രണ്ടാം പന്തിലാണ് സ്റ്റാർ ഫാസ്റ്റ് ബൗളർ ഈ നാഴികക്കല്ല് പിന്നിട്ടത്.
ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് ആയിരുന്നു ബുമ്രയുടെ നൂറാമത്തെ ഇരയായി മടങ്ങിയത്. താരം എറിഞ്ഞ ഷോർട്ട് ബോളിൽ ഷോട്ട് കവറിൽ യാദവ് എടുത്ത ക്യാച്ചിനൊടുവിൽ ആയിരുന്നു ബ്രെവിസിന്റെ മടക്കം. എന്നിരുന്നാലും, ആ വിക്കറ്റിന് പിന്നാലെ വമ്പൻ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. അമ്പയർമാർ ഫ്രണ്ട്-ഫൂട്ട് നോ-ബോൾ പരിശോധിക്കുക ആയിരുന്നു ആ സമയം. പക്ഷേ തേർഡ് അമ്പയർ അത് ‘ഫെയർ ഡെലിവറി’ ആയി വിധിച്ചു. എന്നാൽ ബുംറ എറിഞ്ഞ പന്ത് നോ ബോൾ ആയിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ക്യാമറ ആംഗിൾ നോ-ബോൾ ആണെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്നും സംശയത്തിന്റെ ആനുകൂല്യം ബൗളർക്ക് നൽകണമെന്നും കമന്റേറ്റർ മുരളി കാർത്തിക് പറഞ്ഞു. എന്നിരുന്നാലും തേർഡ് അമ്പയറിന് തെറ്റ് പറ്റിയെന്നും ആ വിക്കറ്റ് ബുംറ അർഹിച്ചില്ല എന്നും പറയുന്നവർ ഏറെയാണ്. എന്തായാലും ആ പന്ത് നോ-ബോൾ ആണെങ്കിൽ പോലും, ചൊവ്വാഴ്ച ബുംറ 100 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുമായിരുന്നു. പതിനൊന്നാം ഓവറിലെ അഞ്ചാം പന്തിൽ കേശവ് മഹാരാജിന്റെ പന്തിൽ ബുംറ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.
അതേസമയം ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി. കട്ടക്കിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് അടിച്ചെടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ മറുപടി 74 റൺസിൽ ഒതുങ്ങുക ആയിരുന്നു. ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ സൂര്യകുമാറും കൂട്ടരും മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ കൂട്ടത്തകർച്ച നേരിട്ടതാണ്. അവിടെ പരിക്കിന്റെ പിടിയിൽ നിന്ന് നീണ്ട ഇടവേളക്ക് ശേഷം ടീമിലെത്തിയ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്താൻ സഹായിച്ചു . 28 പന്തിൽ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 59 റൺസെടുത്ത് പുറത്താകാതെ നിന്ന താരം തന്നെയായിരുന്നു ഇന്ത്യൻ ടോപ് സ്‌കോറർ.
ബൗണ്ടറിയൊക്കെ അടിച്ചുതുടങ്ങി ഉപനായകൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. നാല് റൺസുമായി താരം മടങ്ങുക ആയിരുന്നു. പിന്നാലെ പ്രതീക്ഷ കാണിച്ചെങ്കിലും വലിയ സ്കോർ നേടാനാകാതെ നായകൻ സൂര്യകുമാർ യാദവും (12) പിന്നാലെ അഭിഷേകും (17) പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ. മധ്യനിരയിൽ തിലക് വർമയും (26) അക്‌സർ പട്ടേലുമാണ് സ്‌കോർ ഉയർത്തിയത്. എന്നാൽ തിലക് മടങ്ങിയ ശേഷമെത്തിയ ഹാർദിക് പാണ്ഡ്യ താൻ മാത്രം കളിക്കുന്നത് വ്യത്യസ്ത പിച്ചിൽ ആണെന്ന് പറഞ്ഞുകൊണ്ടുള്ള ബാറ്റിംഗാണ് നടത്തിയത്. താരത്തോടൊപ്പം ജിതേഷ് ശർമ്മ കൂടി ചേർന്നതോടെ ഇന്ത്യൻ സ്കോർ 170 കടന്നു. ദക്ഷിണാഫ്രിക്കൻ ടീമിനായി എങ്കിടി മൂന്ന് വിക്കറ്റ് നേടി തിളങ്ങി.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ ടീമിനായില്ല. 22 റൺസെടുത്ത ബ്രെവിസ് ആണ് അവയുടെ ടോപ് സ്‌കോറർ എന്നതിലുണ്ട് ബാക്കിയുള്ളവരുടെ ദയനീയ പ്രകടനം. ബ്രെവിസിനെ കൂടാതെ 14 റൺസ് വീതമെടുത്ത മാർക്രം, സ്റ്റബ്സ് എന്നിവരും 12 റൺസ് എടുത്ത ജാൻസണും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി അർശ്ദീപ്, ബുംറ, വരുൺ, അക്‌സർ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് ദുബൈ എന്നിവർ ഓരോ വിക്കറ്റ് നേടി.
Dewald Brevis is not out 😭 it’s no ball pic.twitter.com/FYAEjimhOP
— Prakash (@definitelynot05) December 9, 2025
Fair Ball or No Ball 👀 pic.twitter.com/tuBfajx8MI
— Richard Kettleborough (@RichKettle07) December 9, 2025












Discussion about this post