വലിയൊരു മുന്നേറ്റത്തിലൂടെ ഇന്ത്യൻ ഇതിഹാസ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ്. ഇന്ന് ഐസിസി അപ്ഡേറ്റ് ചെയ്ത ഏറ്റവും പുതിയ റാങ്കിങിലാണ് വിചാരിച്ചത് പോലെ തന്നെ വമ്പൻ കുതിപ്പ് നടത്തി കോഹ്‌ലി അർഹിച്ച അംഗീകാരം നേടിയത്.
ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ, 38 കാരനായ രോഹിത് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 37 കാരനായ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. രോഹിത്തിന് 781 റേറ്റിംഗ് പോയിന്റുകളും കോഹ്‌ലിക്ക് 773 റേറ്റിംഗ് പോയിന്റുകളുമുണ്ട്. 2021 ഏപ്രിലിൽ പാകിസ്ഥാന്റെ ബാബർ അസം മറികടന്ന ശേഷം ഏകദിന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്‌ലി ഒന്നാം സ്ഥാനം നേടിയിട്ടില്ല. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്കായി അടുത്തിടെ നടത്തിയ മികച്ച പ്രകടനത്തെ തുടർന്ന് കോഹ്‌ലി ഒരിക്കൽക്കൂടി ആ വലിയ നേട്ടത്തിന്റെ പടിവാതിലെത്തിയിരിക്കുകയാണ്.
പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 302 റൺസ് നേടിയ കോഹ്‌ലി ആയിരുന്നു പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌ട്രേലിയൻ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ആകട്ടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലായി 146 റൺസ് നേടി ഒന്നാം സ്ഥാനം നിലനിർത്തി. വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ നിർണായക പോരിലും ഇരുവരും തിളങ്ങിയിരുന്നു.
ജനുവരി 11 മുതൽ ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരങ്ങൾ. ഏകദിന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനുള്ള മത്സരത്തിൽ കോഹ്‌ലിയും രോഹിതും വരുമെന്നതിനാൽ ആവേശം വർദ്ധിക്കും.











Discussion about this post