സഞ്ജു സാംസണെ ജിതേഷ് ശർമ്മയ്ക്ക് പകരം ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ് ഗുപ്ത. ഓപ്പണർ എന്ന നിലയിലാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം എന്നും എന്നാൽ ഗിൽ ടീമിലേക്ക് എത്തിയതോടെ മധ്യനിരയിലേക്ക് മാറിയ സഞ്ജുവിന് അവിടെ തിളങ്ങാൻ സാധിച്ചില്ല എന്നും മുൻ താരം പറഞ്ഞു.
2024-ൽ സാംസൺ ഓപ്പണർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു തിളങ്ങിയിരുന്നു. മൂന്ന് സെഞ്ച്വറിയും 43.6 ശരാശരിയും 180.16 സ്‌ട്രൈക്ക് റേറ്റും ഉൾപ്പടെ 436 റൺസ് താരം ആ സീസണിൽ നേടിയത്. 2025-ലേക്ക് വന്നാൽ 14 മത്സരങ്ങളിൽ നിന്ന് 18.5 ശരാശരിയും 120.91 സ്‌ട്രൈക്ക് റേറ്റും ഉൾപ്പടെ 185 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്തായാലും മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി. പകരം ജിതേഷ് ശർമ്മ ടീമിലെത്തി.
സാംസൺ കളിക്കണം എങ്കിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യണം എന്നും അല്ലാത്തപക്ഷം മധ്യനിരയിലേക്ക് ആണ് അദ്ദേഹത്തെ ഉദ്ദേശിക്കുന്നത് എങ്കിൽ അദ്ദേഹത്തിന് പകരം ജിതേഷ് ശർമ്മ തന്നെയായിരിക്കും ബെസ്റ്റ് ഓപ്ഷൻ എന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു. “സഞ്ജു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ പോകുന്നില്ലെങ്കിൽ, മധ്യനിരയ്ക്കും ലോവർ ഓർഡറിനും അനുയോജ്യമായ ഒരു വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും നല്ല നീക്കം. രണ്ടോ നാലോ പന്തുകൾ മാത്രം നേരിടേണ്ടി വരുമ്പോൾ ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാന് ശോഭിക്കാനാകില്ല. അത് വഹിക്കാൻ ബുദ്ധിമുട്ടുള്ള ഒരു റോളാണ്.”
“ജിതേഷ് ആ റോളിലേക്ക് സ്പെഷ്യലിസ്റ്റാണ്,” മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ് ഗുപ്ത പി.ടി.ഐയോട് പറഞ്ഞു.
ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ പാതയിൽ ഒമ്പത് മത്സരങ്ങൾ ബാക്കിയുണ്ട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് മത്സരങ്ങളും ന്യൂസിലൻഡിനെതിരെ അഞ്ച് മത്സരങ്ങളും. നിലവിലെ ഇലവനിലേക്ക് അധികം മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല എന്നും ജിതേഷ് തന്നെ സഞ്ജുവിന് പകരം ലോകകപ്പ് കളിക്കുമെന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു.













Discussion about this post