ഐപിഎൽ 2026 ലെ ലേലം ഇന്ന് അബുദാബിയിൽ നടക്കും. ബിസിസിഐ ലേലത്തിനുള്ള 350 കളിക്കാരുടെ പട്ടിക അന്തിമമാക്കിയിരുന്നെങ്കിലും, ഒമ്പത് കളിക്കാരെ കൂടി ഉൾപ്പെടുത്തിയതോടെ ലേലത്തിൽ ഇപ്പോൾ 359 താരങ്ങളുടെ പേരാകും ഉണ്ടായിരിക്കുക. ലേലത്തിന് ലഭ്യമായ ആകെ കളിക്കാരിൽ 244 പേർ ഇന്ത്യയിൽ നിന്നുള്ളവരും 115 പേർ വിദേശികളുമാണ്. 30 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള എട്ട് വ്യത്യസ്ത അടിസ്ഥാന വില സ്ലാബുകൾ അനുസരിച്ചായിരിക്കും ലേലം. 2 കോടി രൂപ വില വരുന്ന സ്ലാബിൽ 40 താരങ്ങൾ ഉണ്ടായിരിക്കും.
ലേല പൂളിൽ 350-ലധികം കളിക്കാർ ഉണ്ടെങ്കിലും, വിദേശ ക്രിക്കറ്റ് കളിക്കാർക്കായി നീക്കിവച്ചിരിക്കുന്ന 31 എണ്ണം ഉൾപ്പെടെ ഫ്രാഞ്ചൈസികൾക്ക് എല്ലാം കൂടി പരമാവധി 77 സ്ഥാനങ്ങൾ ആയിരിക്കും നികത്താൻ ഉണ്ടായിരിക്കുക. ഐപിഎൽ 2026 മിനി-ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടാൻ സാധ്യതയുള്ള അഞ്ച് കളിക്കാരെ നമുക്ക് ഒന്ന് നോക്കാം:
കാമറൂൺ ഗ്രീൻ
അബുദാബിയിൽ നടക്കുന്ന ഐപിഎൽ 2026 ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാങ്ങുന്ന താരമായിരിക്കും കാമറൂൺ ഗ്രീൻ എന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. ശസ്ത്രക്രിയ കാരണം ഐപിഎൽ 2025 നഷ്ടമായെങ്കിലും, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഇപ്പോൾ പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് നിൽക്കുകയാണ്. അതിനാൽ തന്നെ താരത്തിനായി ലേല യുദ്ധം തന്നെ നടക്കും.
2023 ലെ ഐപിഎല്ലിൽ 47 പന്തിൽ നിന്ന് 100 റൺസ് നേടി പുറത്താകാതെ നിന്ന ഗ്രീൻ, മുൻ കാലങ്ങളിൽ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അദ്ദേഹത്തിന്റെ പവർ-ഹിറ്റിംഗും മീഡിയം പേസ് എറിയാനുള്ള പാടവവും കാരണം, ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
രവി ബിഷ്‌ണോയി
2022 മുതൽ 2025 വരെ ടീമിൽ ഉണ്ടായിരുന്നതിന് ശേഷം 2026 ലേലത്തിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് രവി ബിഷ്‌ണോയിയെ വിട്ടയക്കുക ആയിരുന്നു. 2023-ലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറന്ന സീസൺ. 7.74 എന്ന ഇക്കോണമിയിൽ അന്ന് താരം 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ അടുത്ത രണ്ട് സീസണുകളിൽ താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല.
ഇതൊക്കെയാണെങ്കിലും, 2026 ഐപിഎൽ ലേലത്തിൽ ബിഷ്‌ണോയിക്ക് വേണ്ടിയും വാശിയേറിയ ലേലം വിളി പ്രതീക്ഷിക്കുന്നു.2025–26 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലാണ് താൻ എന്ന് കാണിച്ചിരുന്നു.
മതീഷ പതിരാണ
2022 ലെ ഐപിഎൽ ടീമിൽ ചേർന്നതിനുശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ഏറെ പ്രതീക്ഷിച്ച പുലർത്തിയ താരമായിരുന്നു പാതിരാണ. 2023 ലെ അവരുടെ കിരീട വിജയത്തിൽ താരം നിർണായക പങ്ക് വഹിച്ചതുമാണ്. സീസണിൽ താരം 19 വിക്കറ്റുകൾ വീഴ്ത്തി. 2024 സീസണിൽ പരിക്കേറ്റ് പുറത്താകുന്നത് വരെയും ആ മികവ് തുടർന്നതുമാണ്.
എന്നാൽ 2025 ലെ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. അതിനാലാണ് ചെന്നൈ താരത്തെ പുറത്താക്കിയതും. പക്ഷെ യുവ താരമായ മതീഷക്ക് തിരിച്ചുവരാൻ ഇനിയും സമയമുണ്ട്.
ലിയാം ലിവിംഗ്സ്റ്റൺ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിൽ 8.75 കോടി രൂപയ്ക്ക് ചേർന്ന ലിയാം ലിവിംഗ്സ്റ്റണിന് ഐപിഎൽ 2025-ൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 16 ശരാശരിയിൽ താരം 112 റൺസ് നേടി. ഒരു അർദ്ധസെഞ്ച്വറി മാത്രമാണ് നേടാനായത്.
ആർസിബി പുറത്താക്കിയെങ്കിലും, ലിവിംഗ്സ്റ്റൺ ലേലത്തിൽ വലിയ ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഎൽടി 20-യിൽ അടുത്തിടെ പുറത്താകാതെ നേടിയ 82 റൺസും ബൗളിംഗ്, ഫീൽഡിംഗ് കഴിവും അദ്ദേഹത്തിന്റെ സ്ഫോടനാത്മക ബാറ്റിംഗ് അദ്ദേഹത്തെ വിലപ്പെട്ട ടി 20 ഓൾറൗണ്ടറാക്കുന്നു.
വെങ്കിടേഷ് അയ്യർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടി രൂപയ്ക്ക് വാങ്ങിയ വെങ്കിടേഷ് അയ്യറെ ഐപിഎൽ 2025-ൽ നിരാശപ്പെടുത്തി. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 20.28 ശരാശരിയിൽ 142 റൺസ് മാത്രമാണ് നേടാനായത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 60 റൺസായിരുന്നു അദ്ദേഹത്തിന്റെ ഏക അർദ്ധസെഞ്ച്വറി.
സമീപകാല മോശം ഫോമിനിടയിലും, ഐപിഎൽ 2026 മിനി-ലേലത്തിൽ അയ്യർ ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.













Discussion about this post