തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നു. മേയർ ആര്യാ രാജേന്ദ്രനെന്തിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് മുൻ സിപിഎം കൗൺസിലർ ഗായത്രി ബാബുവാണ്. പാർട്ടിയെക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും,അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവുംഉൾപ്പെടെ, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ പാർത്തിക്ക് ഈ അവസ്ഥ വരില്ല എന്നുമാണ് ഗായത്രി കുറിച്ചത്. വിവാദമായതിന് പിന്നാലെ പോസ്റ്റ് ഗായത്രി പിൻവലിച്ചു എങ്കിലും പോസ്റ്റ് അതിനോടകം പ്രചരിച്ചിരുന്നു.
പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിൽ കോർപറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിർത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത്, പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർത്ഥം. അതേസമയം, കോർപറേഷനിലാകട്ടെ എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോർപറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്.
ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏതു മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും, അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത്, ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമെൻററി പ്രവർത്തനത്തിൽ എൽഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും,അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല. തിരിച്ചടി…എന്തായാലും, ജനകീയ പ്രവർത്തനത്തിലൂടെ വരും കാലം കോർപറേഷൻ പാർട്ടി തിരിച്ചുപിടിക്കുകതന്നെ ചെയ്യും.
നന്ദി.
തിരുവനന്തപുരം കോർപ്പറേഷനിൽ ചെങ്കോട്ട തകർത്ത് ബിജെപിയുടെ പടയോട്ടമാണ് കാണാൻ സാധിച്ചത്. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ വന്ന ബിജെപി എൽഡിഎഫിനെ തകർത്തെറിയുക ആയിരുന്നു.









Discussion about this post