ലഖ്‌നൗ : ഉത്തർപ്രദേശ് ബിജെപിയുടെ തലപ്പത്തേക്ക് നിലവിലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയായ പങ്കജ് ചൗധരി എത്തുന്നു. ശനിയാഴ്ച അദ്ദേഹം ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പതക്, ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പങ്കജ് ചൗധരി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പഥക്, സ്മൃതി ഇറാനി, സ്വതന്ത്ര ദേവ് സിംഗ്, സൂര്യ പ്രതാപ് ഷാഹി, സുരേഷ് ഖന്ന, ബേബി റാണി മൗര്യ എന്നിവർ ചേർന്നാണ് പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. മഹാരാജ്ഗഞ്ച് പാർലമെന്ററി മണ്ഡലത്തിൽ നിന്ന് ഏഴു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് പങ്കജ് ചൗധരി. നിലവിൽ കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ്. ഒബിസി വിഭാഗത്തിൽ പെടുന്ന കുർമി സമുദായത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന നേതാവ് കൂടിയാണ് പങ്കജ് ചൗധരി.
യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, യുപി ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, മുൻ എംപി സ്മൃതി ഇറാനി എന്നിവരും നാം നിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണ ഏക നാമനിർദ്ദേശപത്രിക മാത്രമാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മ പരിശോധനയ്ക്കുശേഷം അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.









Discussion about this post