രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അഭ്യർഥന വകവയ്ക്കാതെ, 2025 ലെ അണ്ടർ 19 ഏഷ്യാ കപ്പിലും പാകിസ്താന് ‘ഹസ്തദാനം വേണ്ടെന്ന നയം തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. അണ്ടർ 19 മത്സരങ്ങളിൽ നിന്ന് രാഷ്ട്രീയം മാറ്റിനിർത്തണമെന്ന് ഐസിസി ആഗ്രഹിച്ചതായും ഹസ്തദാനം പോലും നടത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് പുതിയ സംഭവവികാസം.
മുൻപ്, സീനിയർ പുരുഷ ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ടി20 മത്സരങ്ങളിൽ ഇന്ത്യൻ കളിക്കാർ പാക് എതിരാളികളുമായി ഹസ്തദാനം നടത്തിയിരുന്നില്ല. അണ്ടർ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഞായറാഴ്ചയും ഈ നയം തുടർന്നു, അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്നു പാക്കിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന ടോസിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫർഹാൻ യൂസഫുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയൂഷ് മാത്രെ തയാറായില്ല.
കൗമാരക്കാരുടെ ടൂർണമെന്റിൽനിന്നു രാഷ്ട്രീയം മാറ്റിനിർത്തണമെന്നും ഹസ്തദാനത്തിനു തയാറാകണമെന്നും ഇന്ത്യൻ ടീം മാനേജ്മെന്റിനോട് ഐസിസി നേരത്തെ അഭ്യർഥിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഹസ്തദാനം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അക്കാര്യം മുൻകൂട്ടി മാച്ച് റഫറിയെ അറിയിക്കണമെന്നും ഐസിസി നിർദേശിച്ചിരുന്നതായി വാർത്താ ഏജൻസിയായ പി.ടി.ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
“കുട്ടികളോട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, ടീം മാനേജർ ആനന്ദ് ദത്തറിന് ബിസിസിഐ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പാക്ക് താരങ്ങൾക്ക് കൈ കൊടുക്കുന്നില്ലെങ്കിൽ മാച്ച് റഫറിയെ അറിയിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജൂനിയർ ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഐസിസി ആഗ്രഹിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷേ പൊതുജനവികാരവും കണക്കിലെടുക്കണം,” പേര് വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.











Discussion about this post