ന്യൂഡൽഹി : പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്രപര്യടനത്തിന് ഇന്ന് തുടക്കമാകും. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ ആണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ഈ രാജ്യങ്ങളുമായി ഇന്ത്യ പൗരാണിക നാഗരിക ബന്ധവും സമകാലിക ഉഭയകക്ഷി ബന്ധവും പുലർത്തി വരുന്നുണ്ടെന്ന് പ്രധാനമന്ത്രി പങ്കുവെച്ച ഒരു സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ജോർദാൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ സന്ദർശനമാണിത്. ജോർദാനിൽ പ്രധാനമന്ത്രി മോദി അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവുമായും പ്രധാനമന്ത്രി ജാഫർ ഹസ്സനുമായും വിപുലമായ ചർച്ചകൾ നടത്തുകയും കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ളയെ കാണുകയും ചെയ്യും.
എത്യോപ്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ, പ്രധാനമന്ത്രി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി മോദി ചർച്ച നടത്തുകയും ഇന്ത്യൻ പ്രവാസികളെ കാണുകയും ചെയ്യും. തുടർന്ന് ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനമായി പ്രധാനമന്ത്രി ഒമാൻ സുൽത്താനേറ്റ് സന്ദർശിക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് മോദിയുടെ ഒമാൻ സന്ദർശനം.









Discussion about this post