ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിൽ എത്തി. അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോർദാനിലേക്കുള്ള മോദിയുടെ യാത്ര. അമ്മാനിൽ വിമാനമിറങ്ങിയ മോദിക്ക് ജോർദാൻ ഭരണകൂടം ആചാരപരമായ സ്വീകരണം നൽകി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
ഡിസംബർ 15, 16 ദിവസങ്ങളിലായാണ് പ്രധാനമന്ത്രി മോദിയുടെ ജോർദാൻ സന്ദർശനം. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 വർഷത്തെ ആഘോഷത്തിന്റെ ഭാഗം കൂടിയാണ് മോദിയുടെ ഈ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. സന്ദർശന വേളയിൽ , ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി പ്രധാനമന്ത്രി ഇന്ത്യ – ജോർദാൻ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തും.
ജോർദാനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജോർദാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ചൊവ്വാഴ്ച, പ്രധാനമന്ത്രി മോദിയും ജോർദാൻ രാജാവും സംയുക്തമായി ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസ് പ്രതിനിധികൾ ഇതിൽ പങ്കെടുക്കും. പ്രധാനമന്ത്രി ജോർദാനിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. ഇതിനുശേഷം പ്രധാനമന്ത്രി മോദി ജോർദാൻ കിരീടാവകാശിയോടൊപ്പം, ഇന്ത്യയുമായുള്ള പുരാതന വ്യാപാര ബന്ധങ്ങൾക്ക് പേരുകേട്ട ചരിത്ര നഗരമായ പെട്ര സന്ദർശിക്കും.









Discussion about this post