ദീർഘകാലമായി ഫോം മെച്ചപ്പെടുന്നതിന്റെ സൂചനകളൊന്നും ഇല്ലാത്തതിനാൽ, ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ടി20 ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും ഈ വിഷയം ടീം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.
വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നും ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഗില്ലിന് പകരം സഞ്ജുവിനെ കളിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
“കാര്യങ്ങൾ നിയന്ത്രണത്തിലാക്കണമെങ്കിൽ, ഗില്ലിനൊപ്പം ഡ്രോപ്പ് എന്ന വാക്ക് ഉപയോഗിക്കരുത്. നിങ്ങൾ അവന് ഒരു ഇടവേള നൽകുകയാണെന്ന് പറയുക, അല്ലെങ്കിൽ മറ്റൊരു കളിക്കാരനെ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, അടുത്ത രണ്ട് മത്സരങ്ങളിൽ അവർ ഒരു പുതിയ കളിക്കാരനെ കൊണ്ടുവരണം. ആ കളിക്കാരൻ ആരായാലും, അയാൾക്ക് ആ മത്സരങ്ങൾ നൽകണം. അയാൾക്ക് അതിനുള്ള അവകാശമുണ്ട്. ഗിൽ ഒരു വർഷത്തേക്ക് കളിച്ചിട്ടും തന്നെ വെറും 3 മത്സരം കൊണ്ട് ഒഴിവാക്കി എന്ന് ആ താരത്തിന് തോന്നും. ആ കളിക്കാരൻ സഞ്ജു സാംസൺ ആണ്,” മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ മൂന്ന് പന്തുകളിൽ നാല് റൺസും ഒരു ഗോൾഡൻ ഡക്കും നേടിയ ഗിൽ, ഞായറാഴ്ച ധർമ്മശാലയിൽ നടന്ന മൂന്നാം മത്സരത്തിൽ 118 റൺസ് വിജയലക്ഷ്യം പിന്തുടർന്നപ്പോൾ താരത്തിന് 28 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ബോൾ പാഴാക്കിയ താരത്തിന്റെ രീതിക്ക് വലിയ വിമർശനവും കിട്ടി.
സെപ്റ്റംബറിൽ ഗിൽ ടീമിൽ തിരിച്ചെത്തിയതിനുശേഷം ഇന്ത്യ അദ്ദേഹത്തിന് അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ അവസരം മുതലെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതിനാൽ, ടീം അടുത്ത കളിക്കാരനെ തിരഞ്ഞെടുക്കാൻ ഉചിതമായി നീങ്ങേണ്ടതുണ്ടെന്നും കൈഫ് പറഞ്ഞു.
“എക്സ്-ഫാക്ടർ കളിക്കാരെപ്പോലെ അവസരങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഒന്നോ രണ്ടോ കളിക്കാർ ഉണ്ടാകാം, പക്ഷേ ഇപ്പോൾ ശുഭ്മാൻ ഗില്ലിനെ നോക്കൂ, അദ്ദേഹത്തിന് ഇതിനകം എത്ര ഇന്നിംഗ്സുകൾ കിട്ടി? നമ്മൾ ഇപ്പോൾ ഇതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയിട്ടല്ല. കുറച്ചു കാലമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ ഇപ്പോൾ ഒരു തീരുമാനം എടുക്കണം, സമയം വന്നിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post