മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസ്. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സിപിഐഎം മുൻ മുൻ ലോക്കൽ സെക്രട്ടറി സയ്യിദ് അലി മജീദ് ആണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. വിജയാഹ്ലാദത്തിന് പിന്നാലെയായിരുന്നു വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ച് അദ്ദേഹം പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവർത്തകർക്ക് എതിരെയായിരുന്നു മജീദിന്റെ വിവാദ പരാമർശങ്ങൾ.
വാർഡ് പിടിച്ചെടുക്കാൻ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങൾ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാൽ മതി. അല്ലെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ. ഞങ്ങളുടെ മക്കൾ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭർത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്’, എന്നാണ് മജീദ് പറഞ്ഞത്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല, ഇതിലും വലുത് കേൾക്കേണ്ടി വരുമെന്നും മജീദ് പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായതോടെ ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post