സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു ദൃശ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. ജോർദാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർ ഡ്രൈവ് ചെയ്യുന്ന യുവാവാണ് ശ്രദ്ധാകേന്ദ്രം ആയിരിക്കുന്നത്. വെറുമൊരു ഡ്രൈവർ അല്ല മറിച്ച് ജോർദാന്റെ കിരീടാവകാശിയാണ് ആ യുവാവ് എന്നുള്ളതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ആയ ജോർദാനിയൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ആണ് തന്റെ സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്ത് പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ് നടത്തിയത്.
സാധാരണഗതിയിൽ ഒരു വിദേശ ഭരണാധികാരിയുടെ സന്ദർശനത്തിൽ ഉണ്ടാകുന്ന ഔദ്യോഗിക പ്രോട്ടോക്കോളുകൾ എല്ലാം മാറ്റിവച്ചാണ് ജോർദാൻ കിരീടാവകാശി പ്രധാനമന്ത്രി മോദിയുമായി നേരിട്ട് കറങ്ങാൻ ഇറങ്ങിയത്. അമ്മാനിലെ റാസ് അൽ-ഐൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജോർദാൻ മ്യൂസിയത്തിലേക്ക് ആയിരുന്നു ഇരുവരുടെയും യാത്ര. ഇന്ത്യയും ജോർദാനും തമ്മിലുള്ള ശക്തവും ഊഷ്മളവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ഇപ്പോൾ ലോകമാകെ ചർച്ചയായിരിക്കുകയാണ്.
നിലവിലെ ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി ജോർദാനിൽ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നാലുദിവസം നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര പര്യടനത്തിലെ ആദ്യ രാജ്യമാണ് ജോർദാൻ. ഇന്നലെ വൈകിട്ട് ജോർദാനിൽ വിമാനം ഇറങ്ങിയ മോദിയെ ജോർദാൻ പ്രധാനമന്ത്രി നേരിട്ട് എത്തിയായിരുന്നു സ്വീകരിച്ചത്.









Discussion about this post