പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് എത്യോപ്യ.’ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യൻ’ എന്ന ബഹുമതിയാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചത്. ഇതോടെ എത്യോപ്യയുടെ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്ര തലവനായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി. മോദിക്ക് ലഭിക്കുന്ന 28-ാമത് വിദേശ പുരസ്‌കാരമാണ് എത്യോപ്യയുടെ പരമോന്നത ബഹുമതി.
പുരാതന സംസ്‌കാരങ്ങളിലൊന്നിൽ നിന്ന് ഈ പുരസ്‌കാരം ലഭിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നും വിനയത്തോടും നന്ദിയോടും കൂടിയാണ് ഇത് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി മോദി ഈ അവസരത്തിൽ പറഞ്ഞു. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളായി പരിപോഷിപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും എത്യോപ്യക്കാർക്കുമായി 1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ അദ്ദേഹം ഈ ബഹുമതി സമർപ്പിച്ചു.
‘എനിക്ക് ഇപ്പോൾ ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ ലഭിച്ചു. ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഒരു നാഗരികത എന്നെ ആദരിക്കുന്നത് വലിയ അഭിമാനത്തിന്റെ കാര്യമാണ്. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ വിനയപൂർവ്വം ഈ ബഹുമതി സ്വീകരിക്കുന്നു. നമ്മുടെ പങ്കാളിത്തത്തിന് രൂപം നൽകിയ അനേകം ഇന്ത്യക്കാർക്കുള്ളതാണ് ഈ പുരസ്‌കാരം’ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.









Discussion about this post