2026 ലെ ഐപിഎല്ലിന് ശേഷം എംഎസ് ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ പറഞ്ഞു. 2027 സീസൺ വരെ അദ്ദേഹം കളിക്കാൻ സാധ്യതയില്ല എന്നാണ് ഉത്തപ്പ പറഞ്ഞു. മുൻ സീസണിലൊക്കെ ഡാഡീസ് ആർമി എന്ന കളിയാക്കൽ കേട്ട ചെന്നൈ ഇന്നലെ നടന്ന മിനി ലേലത്തിൽ യുവതാരങ്ങളിലാണ് ഇന്നലെ നിക്ഷേപം നടത്തിയത്. ധോണിയെ അമിതമായി ആശ്രയിക്കാതെ ഭാവിയിലേക്കുള്ള പാക്കേജ് എന്ന നിലയിലാണ് ചെന്നൈ തന്ത്രങ്ങൾ ഒരുക്കുന്നത്.
യുവതാരങ്ങളായ ഡെവാൾഡ് ബ്രെവിസ് (22), ആയുഷ് മാത്രെ (18), ഉർവിൽ പട്ടേൽ (27) എന്നിവർ എല്ലാം കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. അതൊക്കെ കണ്ടിട്ട് തന്നെയാണ് ജഡേജക്ക് പകരമായി വന്ന പ്രശാന്ത് വീറിനെ 14.2 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയത്. ഇത് കൂടാതെ 20 കാരനായ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ കാർത്തിക് ശർമ്മയെയും 14.2 കോടി രൂപയ്ക്ക് ചെന്നൈ ടീമിൽ ചേർത്തു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായി ഇവർ മാറി.
കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിന് മുമ്പ് 44 വയസ്സുള്ള ധോണിയെ ചെന്നൈ നിലനിർത്തുകയായിരുന്നു. വിക്കറ്റ് കീപ്പറായി ഇപ്പോഴും തുടരുന്ന ധോണി അടുത്ത സീസണിൽ ആ സ്ഥാനം സഞ്ജുവിന് കൈമാറിയേക്കും. പരിക്കുമൂലം റുതുരാജ് ഗെയ്‌ക്‌വാദ് പുറത്തായതിനെത്തുടർന്ന് കഴിഞ്ഞ പതിപ്പിന്റെ മധ്യത്തിൽ ധോണി തന്നെയാണ് സിഎസ്‌കെയെ നയിച്ചതും.
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ ചേരുന്നതോടെ, ധോണിയുടെ റോൾ മാറ്റം ആസന്നമാണെന്ന് ഉത്തപ്പ കരുതുന്നു. “ആ കാര്യം ഉറപ്പാണ്, ഇത് എം.എസ്. ധോണിയുടെ അവസാന സീസണായിരിക്കും. അദ്ദേഹം ഒരു വർഷം കൂടി കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇനി ഊഹാപോഹങ്ങൾ വേണ്ട. ഈ വർഷം അദ്ദേഹം കളിക്കുന്ന അവസാന സീസണായിരിക്കും” ഉത്തപ്പ പറഞ്ഞു.
“സി.എസ്.കെ എന്തായാലും ഈ വർഷം യുവാക്കളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, കഴിഞ്ഞ വർഷം മുതൽ അവർ വ്യത്യസ്തമായ ഒരു ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ കളിക്കാരെ വികസിപ്പിക്കാനും അവരെ നിലനിർത്താനും അവർ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ലേലത്തിന് മുമ്പ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ കൈമാറിയ ചെന്നൈ, രാഹുൽ ചാഹറിനെയും സ്രഫറാസ് ഖാനെയും വാങ്ങി. “രവീന്ദ്ര ജഡേജയെയും ഋതുരാജ് ഗെയ്ക്‌വാദിനെയും വളർത്തിയെടുക്കുന്നതിൽ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസി നിർണായക പങ്ക് വഹിച്ചു. അവർ പിന്തുടരാൻ ആഗ്രഹിക്കുന്ന ദിശ അതാണ്,” അദ്ദേഹം പറഞ്ഞു.
ധോണി ഫ്രാഞ്ചൈസിയുടെ ഭാഗമായി തുടരുമെന്ന് ഉത്തപ്പ കൂട്ടിച്ചേർത്തു. “കളി നിർത്തുമ്പോൾ അദ്ദേഹം ടീമിനെ മെന്റർ ആക്കും. 2026 ലെ ഐപിഎല്ലിൽ അദ്ദേഹം ഒരു മെന്റർ-കം-പ്ലെയറായി പ്രവർത്തിക്കും. അദ്ദേഹത്തിന് ഇതിനകം തന്നെ കാര്യങ്ങൾ വ്യക്തമാണ്, അതുകൊണ്ടാണ് ചെന്നൈ യുവതാരങ്ങളെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.”
സിഎസ്‌കെ ഒമ്പത് കളിക്കാർക്കായി 41 കോടി രൂപ ചെലവഴിച്ചപ്പോൾ, അതിൽ തന്നെ രണ്ട് ക്രിക്കറ്റ് താരങ്ങൾക്കായി 28.40 കോടി രൂപ ചെലവഴിച്ചു.













Discussion about this post