ന്യൂഡൽഹി : കടുത്ത വായു മലിനീകരണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡൽഹിയിലെ തൊഴിലാളികൾക്കായി ധനസഹായം പ്രഖ്യാപിച്ചു ഡൽഹി ബിജെപി സർക്കാർ. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ഈ മാസം 10000 രൂപ ധനസഹായം ലഭിക്കുന്നതാണ്. കൂടാതെ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50% വീട്ടിലിരുന്നുള്ള ജോലി നിർബന്ധമാക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചു.
മലിനീകരണ നിയന്ത്രണ നടപടികളായ ഗ്രാപ് III, ഗ്രാപ് IV എന്നിവ കാരണം തൊഴിൽ നഷ്ടപ്പെട്ട നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാരിന്റെ ഈ സുപ്രധാന നടപടി. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ നേരിട്ട് നിക്ഷേപിക്കുമെന്ന് ഡൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര ബുധനാഴ്ച പ്രഖ്യാപിച്ചു. ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്ന തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നും ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്ത് ധനസഹായം നേടണമെന്നും ഡൽഹി തൊഴിൽ മന്ത്രി അറിയിച്ചു.
കഴിഞ്ഞ 30 വർഷമായി ഡൽഹി രൂക്ഷമായ വായു മലിനീകരണം അനുഭവിക്കുന്നുണ്ടെന്നും വെറും അഞ്ചുമാസത്തിനുള്ളിൽ അത് ഇല്ലാതാക്കാൻ ബിജെപി സർക്കാരിനെന്നല്ല ആർക്കും കഴിയില്ല എന്നും കപിൽ മിശ്ര സൂചിപ്പിച്ചു. ആം ആദ്മി സർക്കാരിന്റെ കാലത്ത് വായുമലിനീകരണം ആരംഭിച്ചാൽ അവരുടെ മുഖ്യമന്ത്രി ഓടിപ്പോകുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രി ഇവിടത്തെ തെരുവുകളിൽ, ജനങ്ങൾക്കിടയിൽ തന്നെ തുടരുകയാണ് എന്നും കപിൽ മിശ്ര വ്യക്തമാക്കി.











Discussion about this post