ന്യൂഡൽഹി : 1971 ന് ശേഷം ഇന്ത്യയ്ക്ക് ‘ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളി’ ഉയർത്തുന്ന സാഹചര്യമാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഉള്ളത് എന്ന് വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്. ബംഗ്ലാദേശ് പ്രതിസന്ധിയിൽ ചൈനയുടെയും പാകിസ്താന്റെയും പങ്കിനെക്കുറിച്ചും കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പതനവും ഇസ്ലാമിക ശക്തികളുടെ തിരിച്ചുവരവും ചൈനയുടെയും പാകിസ്താന്റെയും വർദ്ധിച്ചുവരുന്ന സ്വാധീനവും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.”1971 ലെ വെല്ലുവിളി അസ്തിത്വപരമായിരുന്നു. എന്നാൽ ഇന്നത്തെ ഭീഷണി കൂടുതൽ സൂക്ഷ്മമാണ്, പക്ഷേ സാധ്യതയനുസരിച്ച് കൂടുതൽ ഗുരുതരവും ആഴമേറിയതുമാണ്” എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ബംഗ്ലാദേശിലെ ആഭ്യന്തര സംഭവവികാസങ്ങളിൽ നിന്ന് ഉഭയകക്ഷി ബന്ധങ്ങളെ വേർപെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയെ അറിയിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇന്ത്യ അതിർത്തികൾക്കപ്പുറത്ത് ഒരു രാഷ്ട്രീയ പിന്തുണയും നൽകുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറിയും സ്ഥിരീകരിച്ചു.











Discussion about this post