ദിസ്പുർ : ഇന്ത്യയിലെ ആദ്യ പ്രകൃതി-തീം വിമാനത്താവളം ഇനി അസമിൽ. അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 4,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പുതിയ ടെർമിനൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലാണ്.

പ്രതിവർഷം ഏകദേശം 13.1 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ ടെർമിനൽ. വടക്ക് കിഴക്കൻ ഇന്ത്യയുടെ ഇന്ത്യയുടെ വികസനവും ടൂറിസവും മെച്ചപ്പെടുത്തുക എന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ വിമാനത്താവള ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്.

മേഖലയിലെ പരമ്പരാഗതവും പ്രകൃതിദത്തവുമായ മുളകൾ, കോപു ഫൂൽ എന്നറിയപ്പെടുന്ന തദ്ദേശീയ ഓർക്കിഡുകൾ, ബ്രഹ്മപുത്ര നദിയുടെ ആവിഷ്കാരം എന്നിവ ഉൾക്കൊള്ളിച്ചാണ് വാസ്തുവിദ്യ തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 140 മെട്രിക് ടൺ വടക്കുകിഴക്കൻ മുളയാണ് ഈ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി തീം വിമാനത്താവള ടെർമിനൽ ആണിത്.

നിലവിലുള്ള ടെർമിനലിനേക്കാൾ ഏഴ് മടങ്ങ് വലുതാണ് ഈ പുതിയ ടെർമിനൽ. കൂടാതെ മേഖലയിലെ വളർന്നുവരുന്ന വ്യോമയാന, കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്. പദ്ധതിയുടെ ആകെ ചെലവ് 5,000 കോടി രൂപയാണ് , അതിൽ 1,000 കോടി രൂപ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സൗകര്യങ്ങൾക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്നു.

ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു പ്രാദേശിക കണക്റ്റിവിറ്റി ഹബ്ബായാണ് കേന്ദ്രസർക്കാർ ഈ പുതിയ ടെർമിനലിനെ കാണുന്നത്. വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തിൽ നിന്നാണ് വാസ്തുവിദ്യയും അലങ്കാരവും പ്രധാനമായും ഉൾക്കൊള്ളുന്നത്.











Discussion about this post