ദിസ്പുർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തി. പശ്ചിമബംഗാൾ സന്ദർശനത്തിന് ശേഷമാണ് മോദി അസമിലേക്ക് യാത്രതിരിച്ചത്. ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മന്ത്രിസഭാ സഹപ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗുവാഹത്തിലെ പുതിയ വിമാനത്താവള ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം അസമിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കോൺഗ്രസ് ഭരണകാലത്ത് അസമിനെയും വടക്കുകിഴക്കൻ മേഖലയെയും അവഗണിച്ചതിനെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. വടക്കുകിഴക്കൻ മേഖലയിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് ചെയ്തുകൊണ്ടിരുന്ന തെറ്റുകൾ ബിജെപി സർക്കാർ തിരുത്തുകയാണെന്ന് മോദി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, സൗകര്യങ്ങൾ എന്നിവയിൽ ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ മേഖലയെ ദേശീയ വികസനത്തിന്റെ മുഖ്യധാരയിലേക്ക് സംയോജിപ്പിക്കാൻ കേന്ദ്ര സർക്കാർ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഇന്ന് വികസനത്തിനുള്ള അവസരങ്ങളുടെ ദിവസമാണ്. ഇത് അസമിന് മാത്രമല്ല, മുഴുവൻ വടക്കുകിഴക്കൻ ഇന്ത്യയ്ക്കും വേണ്ടിയുള്ള വികസനത്തിന്റെ ആഘോഷമാണ്. വരും കാലങ്ങളിൽ അസമും മുഴുവൻ വടക്കുകിഴക്കൻ മേഖലയും വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തും” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രസംഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ഒരു റോഡ് ഷോ ആരംഭിച്ചു. സരുസജായിയിൽ നിന്ന് അസം ബിജെപി ആസ്ഥാനത്തേക്ക് ഈ റോഡ് ഷോ നടന്നു. വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ സ്വീകരിക്കാനായി ഇവിടെ ഒത്തുചേർന്നിരുന്നത്.










Discussion about this post