ശ്രീനഗർ : ജമ്മുവിലെ എൻഐഎ ഓഫീസിനു സമീപത്തുനിന്നും ചൈന നിർമ്മിത റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി. ഭീകരർ സ്നൈപ്പർ ആക്രമണങ്ങൾക്കായി ഉപയോഗിക്കാറുള്ള ദൂരദർശിനിയാണിത്. സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന ടെലസ്കോപ്പ് ആണ് അതീവ സുരക്ഷാ മേഖലയിൽ നിന്നും കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സുരക്ഷാവന്യാസം കൂടുതൽ ശക്തമാക്കി.
നിലവിൽ കനത്ത മഞ്ഞുവീഴ്ചയാണ് ജമ്മുകശ്മീരിൽ അനുഭവപ്പെടുന്നത്. ഈ മോശം കാലാവസ്ഥയുടെ മറവിൽ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മുവിൽ നേരത്തെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര അതിർത്തി മുതൽ നിയന്ത്രണരേഖ വരെയുള്ള മലനിരകളിൽ ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സെക്യൂരിറ്റി ആസ്ഥാനത്തിനും ഇടയിലുള്ള ഒരു പ്രദേശത്തു നിന്നുമാണ് ചൈന നിർമ്മിത റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തിയത്. ഉന്നത പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്. ദൂരദർശിനി എങ്ങനെയാണ് ഈ പ്രദേശത്ത് എത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമ്മുവിലെ പ്രധാന സർക്കാർ, സൈനിക സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ സുരക്ഷ ശക്തമാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.










Discussion about this post