2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഞായറാഴ്ച വെളിപ്പെടുത്തി. “ക്രിക്കറ്റ് എന്നിൽ നിന്ന് എല്ലാം എടുത്തുകളഞ്ഞതായി എനിക്ക് തോന്നി” താരം പറഞ്ഞു. രോഹിത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ നടന്ന ആ ടൂർണമെന്റിൽ സ്വപ്നതുല്യമായ ഒരു കുതിപ്പാണ് നടത്തിയായ. തുടർച്ചയായ ഒമ്പത് വിജയങ്ങളുമായി ഫൈനലിലേക്ക് മാർച്ച് ചെയ്തു. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ ഓസ്ട്രേലിയ അവരുടെ പ്രതീക്ഷകൾ തകർത്തു, ട്രാവിസ് ഹെഡ് നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ അവർ വിജയവര കടക്കുകയായിരുന്നു.
“2023 ലെ ലോകകപ്പ് ഫൈനലിന് ശേഷം, ഞാൻ പൂർണ്ണമായും അസ്വസ്ഥനായിരുന്നു. ക്രിക്കറ്റ് ഇനി കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി. കാരണം അത് എന്നിൽ നിന്ന് എല്ലാം എടുത്തുകളഞ്ഞു, എനിക്ക് ചെയ്യാൻ ഒന്നും ബാക്കിയില്ലെന്ന് തോന്നി,” ഒരു പരിപാടിയിൽ രോഹിത് പറഞ്ഞു.
“കുറച്ച് സമയമെടുത്തു എല്ലാം പഴയതുപോലെയാകാൻ. ഇത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ഒന്നാണെന്നും, അത് എന്റെ മുന്നിലുണ്ടെന്നും, എനിക്ക് അത് അത്ര എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്നും ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. പതുക്കെ, ഞാൻ എന്റെ ഊർജ്ജം വീണ്ടെടുത്തു, കളിക്കളത്തിൽ സജീവമാകാൻ തുടങ്ങി.”
“എല്ലാവരും അങ്ങേയറ്റം നിരാശരായിരുന്നു, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വ്യക്തിപരമായി എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു, കാരണം രണ്ടോ മൂന്നോ മാസം മുമ്പ് മാത്രമല്ല, 2022 ൽ ഞാൻ ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷം ഞാൻ ആ ലോകകപ്പ് നേടാൻ എല്ലാം നൽകിയതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും 2024 ജൂണിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയതിന് തൊട്ടുപിന്നാലെ രോഹിത് ശർമ്മ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. “ഇതാണ് വിടപറയാൻ ഏറ്റവും അനുയോജ്യമായ സമയം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകകപ്പ് നേട്ടത്തോടെ ആ ഫോർമാറ്റിൽ നിന്ന് സന്തോഷത്തോടെ മടങ്ങാൻ തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ഏകദിന ലോകകപ്പ് വരുമ്പോൾ അതിലുമൊരു വിജയം നേടി കരിയർ മനോഹരമായി അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിക്കും.













Discussion about this post