കൊച്ചി മേയർ സ്ഥാനത്തുനിന്നും തഴയപ്പെട്ട ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ. “ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും. രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല,” എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദീപ്തിയുടെ ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു. ദീപ്തിയെ മേയർ സ്ഥാനത്തു നിന്നും തഴഞ്ഞതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. സഭ പറയുന്നതും നായർ സമുദായം പറയുന്നതും കേട്ടാണ് കോൺഗ്രസ് ഇപ്പോഴും പ്രവർത്തിക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അഭിപ്രായം ഉയരുന്നുണ്ട്.
എ , ഐ ഗ്രൂപ്പുകളുടെ താല്പര്യപ്രകാരമാണ്
മേയർ സ്ഥാനത്തു നിന്ന് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയത് . ഐ ഗ്രൂപ്പിലെ മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാൻ ആണ് ധാരണ ആയിട്ടുള്ളത്. കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ് അഭിപ്രായപ്പെട്ടു. താൻ മേയർ സ്ഥാനം കണ്ടിട്ടല്ല മത്സരത്തിന് ഇറങ്ങിയതെന്നും ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അവർ തിരുത്തട്ടെ എന്നും ദീപ്തി സൂചിപ്പിച്ചു.
തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്‍റിനോട് അറിയിച്ചിട്ടുണ്ട്. രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമായിരുന്നു, അവസാന നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത് എന്തിനാണ്? എന്നും ദീപ്തി മേരി വർഗീസ് ചോദ്യമുന്നയിച്ചു. രഹസ്യ വോട്ടിംഗിന് പകരം എ ഗ്രൂപ്പ് നേതാവ് ഡൊമിനിക്ക് പ്രസൻ്റേഷനും ഐ ഗ്രൂപ്പ് നേതാവ് എൻ.വേണുഗോപാലും പ്രതിപക്ഷ നേതാവിൻ്റെ വിശ്വസ്തനായ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും കൗൺസിലർമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടതോടെ ദീപ്തിയോട് താൽപര്യമുണ്ടായിരുന്ന കൗൺസിലർമാർ പോലും ഗ്രൂപ്പ് താൽപര്യത്തിലൂന്നി നിലപാട് മാറ്റുകയായിരുന്നു.









Discussion about this post