ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ സിഡ്‌നിയിൽ നടക്കാനിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി മുൻ പേസർ ബ്രെറ്റ് ലീ രംഗത്തെത്തി. 39 വയസ്സുകാരനായ ഖവാജയുടെ സമീപകാല ഫോമും പ്രായവും കണക്കിലെടുത്താണ് ബ്രെറ്റ് ലീ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്.
2025-26 ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റ് ഖവാജയെ സംബന്ധിച്ചിടത്തോളം വിരമിക്കാൻ പറ്റിയ വേദിയാണെന്ന് ബ്രെറ്റ് ലീ വിശ്വസിക്കുന്നു. 2011-ൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചുതന്നെയാണ് ഖവാജ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതെന്ന പ്രത്യേകതയുമുണ്ട്. “അതൊരു നല്ല വിടവാങ്ങലായിരിക്കും. സ്വന്തം നാട്ടിൽ, തന്റെ കരിയർ തുടങ്ങിയ അതേ ഗ്രൗണ്ടിൽ വെച്ച് കളി അവസാനിപ്പിക്കുക എന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമാണ്. തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. പക്ഷേ ആഷസ് പരമ്പര 4-1 ന് ജയിച്ചുകൊണ്ട് പടിയിറങ്ങുന്നത് അവിസ്മരണീയമാകും.”
2025-ൽ കളിച്ച 10 ടെസ്റ്റുകളിൽ നിന്ന് 36.11 ശരാശരിയിൽ 614 റൺസ് മാത്രമാണ് ഖവാജയ്ക്ക് നേടാനായത്. ബോക്സിംഗ് ഡേ ടെസ്റ്റിൽ 29 റൺസിനും പൂജ്യത്തിനും പുറത്തായത് താരത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. ട്രാവിസ് ഹെഡ് ഓപ്പണിംഗിൽ മികച്ച പ്രകടനം നടത്തുന്നതും യുവതാരങ്ങളുടെ സാന്നിധ്യവും സ്ഥാനത്തിന് ഭീഷണിയാണ്.
നിലവിൽ ഓസ്‌ട്രേലിയൻ ബോർഡോ താരമോ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും ഈ ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ പിന്നെ 8 മാസത്തോളം ഓസ്‌ട്രേലിയക്ക് മറ്റ് ടെസ്റ്റ് പരമ്പരകൾ ഒന്നും ഇല്ല എന്നത് ആ കാര്യത്തിനുള്ള സാധ്യത കൂട്ടുന്നു.













Discussion about this post