ടെഹ്റാൻ : ഇറാൻ സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദ് എന്ന് സൂചന. ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് മൊസാദ് ഒരു ഔദ്യോഗിക എക്സ് പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ മൊസാദാണെന്ന സൂചന ശക്തമായിരിക്കുന്നത്. “ഒരുമിച്ചു തെരുവിലിറങ്ങൂ. സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ദൂരെനിന്നോ വാക്കുകളിലൂടെയോ അല്ല, ഞങ്ങൾ എപ്പോഴും നിങ്ങൾക്ക് ഒപ്പം തന്നെയുണ്ട്,” എന്ന പേർഷ്യൻ ഭാഷയിൽ എഴുതിയ ഒരു പോസ്റ്റാണ് മൊസാദ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് ഇറാനിയൻ നഗരങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇറാന്റെ വഷളായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ വ്യാപാരികൾ ആയിരുന്നു ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യം കടുത്ത പണപ്പെരുപ്പം നേരിടുന്ന സാഹചര്യത്തിൽ ആയിരുന്നു വ്യാപാരികളുടെ ഈ പ്രതിഷേധം. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവജന വിഭാഗങ്ങളും പ്രതിഷേധങ്ങളുമായി അണിനിരന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഈ ആഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷം ട്രംപ് ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയിരുന്നു. ആണവ പരീക്ഷണങ്ങൾ വീണ്ടും ആരംഭിച്ചാൽ കടുത്ത രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനിൽ പ്രതിഷേധങ്ങൾ വ്യാപകമായിരിക്കുന്നത്.













Discussion about this post