ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികളിൽ വെച്ച് ഏറ്റവും മഹത്തരമായത് 1992-ൽ പെർത്തിൽ നേടിയ സെഞ്ചുറിയാണെന്ന് മുൻ ഇന്ത്യൻ താരം പ്രവീൺ അമ്രേ. 18-ാം വയസ്സിൽ ഓസ്‌ട്രേലിയൻ മണ്ണിൽ സച്ചിൻ നടത്തിയ ആ പോരാട്ടത്തെ ‘അവിശ്വസനീയം’ എന്നാണ് അമ്രേ വിശേഷിപ്പിച്ചത്. ഒരു കായിക പരിപാടിയിൽ സംസാരിക്കവെയായിരുന്നു അന്നത്തെ മത്സരത്തിലെ 12 th മാൻ കൂടിയായ പ്രവീൺ അമ്രേ.
ലോകത്തിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്നായ പെർത്തിലെ അന്നത്തെ അവസ്ഥ അമ്രേ വിവരിച്ചു. പിച്ചിൽ ബാറ്റ് താങ്ങില്ലാതെ നേരെ നിൽക്കാൻ തക്കവണ്ണം വലിയ വിള്ളലുകൾ ഉണ്ടായിരുന്നു. പന്ത് എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന അത്രയും അപകടം പിടിച്ച സാഹചര്യത്തിലാണ് സച്ചിൻ ബാറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സച്ചിൻ തന്റെ ബാറ്റ് പിച്ചിലെ ഒരു വിള്ളലിൽ വെച്ചപ്പോൾ അത് ഒന്നിന്റെയും സഹായമില്ലാതെ നിവർന്നു നിന്ന കാഴ്ച ഇന്നും അത്ഭുതമായി തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഓസ്‌ട്രേലിയയുടെ വിനാശകാരികളായ പേസ് ബൗളർമാർക്കെതിരെയായിരുന്നു സച്ചിന്റെ ആ പോരാട്ടം എന്ന് ഓർക്കണം. ക്രെയ്ഗ് മക്‌ഡെർമോട്ട്, മെർവ് ഹ്യൂസ് തുടങ്ങിയ ലോകോത്തര ബൗളർമാരുടെ വേഗതയെയും ബൗൺസിനെയും വെറും 18 വയസ്സുകാരനായ സച്ചിൻ അനായാസം നേരിട്ടു. പ്രായത്തിന് അപ്പുറമുള്ള ബുദ്ധിശക്തിയും സാങ്കേതിക തികവുമാണ് സച്ചിൻ അന്ന് പ്രകടിപ്പിച്ചത്. ഇന്ത്യൻ നിരയിലെ മറ്റ് പ്രമുഖ ബാറ്റർമാർ പതറിയ പിച്ചിലായിരുന്നു സച്ചിന്റെ ഈ അവിസ്മരണീയ പ്രകടനം.
“ലോകോത്തര ബൗളർമാർക്കെതിരെ, പന്ത് എങ്ങോട്ട് പോകുമെന്ന് നിശ്ചയമില്ലാത്ത അത്തരമൊരു പിച്ചിൽ, പ്രായത്തെ വെല്ലുന്ന കായികക്ഷമതയും ക്ലാസ്സും മനോഭാവവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ 1992-ലെ പെർത്ത് സെഞ്ച്വറി? ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണത്.”അദ്ദേഹം പറഞ്ഞു നിർത്തി.












Discussion about this post