വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. മെക്സിക്കോ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഡുറോയുടെ ഗതി തന്നെയാകും ഇവർക്കുമുണ്ടാവുക എന്ന പരോക്ഷ സൂചനയാണ് ട്രംപ് നൽകിയത്.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയാണ് ട്രംപ് ഏറ്റവും വലിയ ആരോപണം ഉന്നയിച്ചത്. “പെട്രോയുടെ നാട്ടിൽ കൊക്കെയ്ൻ മില്ലുകളുണ്ട്, അത് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളുണ്ട്. അദ്ദേഹം സ്വയം സൂക്ഷിക്കുന്നത് നന്നായിരിക്കും,” ട്രംപ് പറഞ്ഞു. മഡുറോയുടെ അടുത്ത സഖ്യകക്ഷിയായ പെട്രോയെ ലക്ഷ്യമിട്ട് അമേരിക്ക അടുത്ത നീക്കം നടത്തിയേക്കുമെന്ന സൂചനയാണിത്. മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാമിന് ഭയമാണെന്ന് ട്രംപ് പരിഹസിച്ചു.
മെക്സിക്കോ ഭരിക്കുന്നത് കാർട്ടലുകളാണെന്നും അവർ പ്രസിഡന്റിനെ വിരട്ടി നിർത്തിയിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. “മാഫിയകളെ തീർക്കാൻ ഞങ്ങൾ സഹായിക്കട്ടെയെന്ന് പലതവണ ചോദിച്ചു, പക്ഷേ അവർക്ക് പേടിയാണ്. അതുകൊണ്ട് ഞങ്ങൾ തന്നെ എന്തെങ്കിലും ചെയ്യേണ്ടി വരും,” ട്രംപ് വ്യക്തമാക്കി.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെക്കുറിച്ചും ട്രംപ് മുന്നറിയിപ്പ് നൽകി. ക്യൂബയിലെ ജനങ്ങളെ സഹായിക്കാൻ അമേരിക്ക ഉടൻ ഇടപെട്ടേക്കുമെന്നാണ് ട്രംപിന്റെ വാക്കുകൾ നൽകുന്ന സൂചന. ക്യൂബയിൽ നിന്നുള്ള ചാരന്മാരാണ് മഡുറോയെ സംരക്ഷിച്ചിരുന്നതെന്ന ആരോപണവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉന്നയിച്ചു.അമേരിക്കയുടെ സൈനിക നീക്കത്തെ ‘ഭീരുത്വവും കുറ്റകരവും’ എന്നാണ് മെക്സിക്കോയും കൊളംബിയയും ക്യൂബയും വിശേഷിപ്പിച്ചത്.”അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നത്. മേഖലയുടെ സമാധാനം തകർക്കുന്ന ഇത്തരം നീക്കങ്ങളെ ലോകം ഒറ്റക്കെട്ടായി എതിർക്കണം,” ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കനൽ ആഹ്വാനം ചെയ്തു.
ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് എന്ന പേരിൽ നിയമങ്ങൾ ലംഘിച്ച് കടന്നാക്രമണം നടത്തിയാണ് യുഎസ്, പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും തടവിലാക്കിയത്. യുദ്ധക്കപ്പലിൽ കൈകൾ കെട്ടി കണ്ണുകൾ മൂടിയ നിലയിലുള്ള മഡുറോയുടെ ചിത്രം ട്രംപ് പങ്കുവച്ചിരുന്നു. ഇരുവരെയും ഇന്ന് ന്യൂയോർക്കിലെത്തിച്ചു..











Discussion about this post