ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല പ്രകടനം നടത്തിയിട്ടും ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് മുഹമ്മദ് ഷമിയെ തഴഞ്ഞത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ഷമിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തിയിരിക്കുകയാണ്. ഷമിയുടെ കരിയർ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ടീമിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.
“ഞാൻ ഷമിയുടെ സ്ഥാനത്തായിരുന്നെങ്കിൽ വരാനിരിക്കുന്ന ഐപിഎല്ലിൽ സംഹാരരൂപം പുറത്തെടുക്കുമായിരുന്നു. പുതിയ പന്തിൽ വിക്കറ്റുകൾ വീഴ്ത്തി തന്റെ കരുത്ത് തെളിയിക്കണം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം പ്രധാനമാണെങ്കിലും ഐപിഎല്ലിലെ പ്രകടനം ആർക്കും അവഗണിക്കാനാവില്ല. ലോകം മുഴുവൻ ഐപിഎൽ ശ്രദ്ധിക്കുന്നുണ്ട്.”
താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ ഇങ്ങനെ പറഞ്ഞു:
“ഷമി ഇതിനോടകം ആഭ്യന്തര ക്രിക്കറ്റിൽ 200-ഓളം ഓവർ പന്തെറിഞ്ഞു കഴിഞ്ഞു. അദ്ദേഹം പൂർണ്ണ ഫിറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സെലക്ടർമാരുടെ ചിന്താഗതി എന്താണെന്ന് അവർക്ക് മാത്രമേ അറിയാവൂ. 450-ലധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ ഷമിയെപ്പോലൊരു താരത്തിന് ടീമിലേക്കുള്ള വാതിലുകൾ അടഞ്ഞിട്ടില്ല. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് (LSG) വേണ്ടി കളിക്കുമ്പോൾ മികച്ച രീതിയിൽ പന്തെറിഞ്ഞാൽ ടീമിലേക്ക് ഉടൻ തിരിച്ചെത്താൻ കഴിയും.” പത്താൻ പറഞ്ഞു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.













Discussion about this post