മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് ‘ഫ്രണ്ട്സ്’. സിദ്ദിഖ് സംവിധാനം ചെയ്ത ഈ ചിത്രം സൗഹൃദത്തിന്റെയും തമാശയുടെയും വികാരങ്ങളുടെയും ഒരു മികച്ച മിശ്രിതമാണ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഈ സിനിമ ഇന്നും ടെലിവിഷനിൽ വന്നാൽ മലയാളികൾക്ക് മടുക്കാത്ത ഒന്നാണ്.
അരവിന്ദൻ (ജയറാം), ചന്തു (മുകേഷ്), ജോയി (ശ്രീനിവാസൻ) എന്നിവരുടെ ആഴത്തിലുള്ള സൗഹൃദമാണ് കഥയുടെ കാതൽ. ഇവർ മൂവരുടെ തമാശകളും കുസൃതികളുമൊക്കെയായി പോകുന്ന ജീവിതത്തിനിടയിലേക്ക് ഒരു കല്യാണവീട്ടിൽ വെച്ച് പദ്മിനി( മീന) എന്ന കഥാപാത്രം കടന്നുവരുന്നു. പദ്മിനിയുടെ കടന്നുവരവോടെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും കൂട്ടുകെട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങലുമൊക്കെയാണ് സിനിമ ചർച്ച ചെയ്തത്.
സിനിമ കണ്ട ആളുകൾക്ക് ഇതിന്റെ ക്ലൈമാക്സ് ഓർമയുണ്ടാകും. ചന്തുവുമായിട്ടുള്ള അടിപിടിക്കിടെ അരവിന്ദൻ കൊക്കയിലേക്ക് വീഴുന്നു. വർഷങ്ങൾക്ക് ശേഷം പട്ടാളത്തിൽ നിന്ന് അവധിക്ക് വരുന്ന ചന്തു ജീവനോടെ അരവിന്ദനെ അടക്കിയിരിക്കുന്ന മുറിയിലേക്ക് വരുന്നതും അരവിന്ദന്റെ ഭാര്യ മീന ചന്തുവിനെക്കുറിച്ച് പറയുന്ന കുത്തുവാക്കുകൾ കേട്ട് വിഷമത്തിൽ, അവനെ കുറ്റപെടുന്നത് സഹിക്കാൻ സാധിക്കാതെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും, കടൽക്കാറ്റിന് നെഞ്ചിൽ എന്ന പാട്ടിന്റെ അകമ്പടിയിൽ മറ്റ് രണ്ട് കൂട്ടുകാരും ചന്തുവുമായി നടക്കുന്ന സ്ഥലത്താണ് ഇതിന്റെ ക്ലൈമാക്സ് നമ്മൾ കാണുന്നത്. എന്നാൽ സിനിമ കണ്ട പലർക്കും ഇതിൽ സംശയങ്ങളുണ്ടാകാം.
സ്വന്തം കുഞ്ഞിന് മീന എന്തിനാകും ഇത്ര വെറുപ്പായിട്ടും ചന്തു എന്ന പേരിട്ടത്, എന്തിനാകും എല്ലാവരുടെയും തെറ്റിദ്ധാരണ മാറിയിട്ടും അങ്ങനെ ഒരു നാടകം കളിച്ചതും എന്നൊക്കെ. അതിന് ഒരൊറ്റ കാരണമേ ഉള്ളൂ, സ്വന്തം കുഞ്ഞിന്റെ മുഖം പോലും അരവിന്ദൻ കണ്ടിട്ടില്ല, ചന്തു അരവിന്ദനെ ചതിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയുന്നത് പോലെ അവൾക്കും അറിയാം. എന്നിട്ടും അവൾ കുറ്റപ്പെടുത്തുന്നത്, അരവിന്ദന് നോവണമെങ്കിൽ അയാൾ തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കണം എങ്കിൽ അതിന് ചന്തുവിനെ കുറ്റപ്പെടുത്തണം. കാരണം അയാൾ ഈ ലോകത്തിൽ ചന്തുവിനെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.
ഇപ്പോൾ നിങ്ങളിൽ പലരും കാണാത്ത ഒരു ഡയലോഗ് ഈ സിനിമയിൽ ക്ലൈമാക്സിലുണ്ട്. അത് കട്ട് ചെയ്ത് കളഞ്ഞത് കൊണ്ടാണ് എന്തോ ഒരു മിസിങ് ഉണ്ടല്ലോ എന്ന് നമുക്ക് തോന്നാൻ കാരണം.
അരവിന്ദന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്ന സീൻ കണ്ട് സന്തോഷിച്ചുകൊണ്ട് മീന ഇങ്ങനെ പറയുന്നുണ്ട്
“എനിക്കറിയാമായിരുന്നു നിങ്ങളെ നോവിച്ചാൽ അരവിന്ദന് സഹിക്കില്ല എന്ന്. ഇപ്പോൾ ഇതാ കണ്ടില്ലേ ഈ അവസ്ഥയിലും അത്രക്ക് ആഴത്തിലാണാ മനസ്സിൽ നിങ്ങളുടെ സ്ഥാനം. വിളിക്ക് ചന്തു, നിങ്ങൾ വിളിക്ക് നിങ്ങൾ വിളിച്ചാൽ അരവിന്ദൻ വരും.”
നമ്മൾ കാണുന്ന ക്ലൈമാക്സിൽ ഈ ഡയലോഗ് കട്ടാക്കി കളഞ്ഞിരുന്നു.













Discussion about this post